കോട്ടയം-കൊല്ലം മെമുവിന്റെ കോച്ചുകള്‍ വര്‍ധിപ്പിക്കണമെന്ന്
1583098
Monday, August 11, 2025 7:10 AM IST
കടുത്തുരുത്തി: ദിവസവും വൈകുന്നേരം കോട്ടയത്തുനിന്ന് പുറപ്പെടുന്ന കോട്ടയം-കൊല്ലം മെമു ട്രെയിനിന്റെ കോച്ചുകള്‍ വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായി. കോച്ചുകൾ കുറവായതിനാൽ യാത്രക്കാര്‍ ദുരിതത്തിലാണ്.
സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, ജോലിക്കാര്‍, മെഡിക്കല്‍ കോളജില്‍നിന്നു വരുന്ന രോഗികള്‍, ഗര്‍ഭിണികളായ വനിതകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആള്‍ക്കാര്‍ക്കുള്ള ഏക യാത്രാമാര്‍ഗമാണ് എട്ട് കോച്ചുകള്‍ മാത്രമുള്ള ഈ ട്രെയിന്‍. വൈകുന്നേരം 3.25നു പുറപ്പെടുന്ന പരശുറാം എക്സ്പ്രസിനുശേഷം നിലവില്‍ കോട്ടയത്തുനിന്നു കൊല്ലത്തേക്ക് പോകാന്‍ ഈ മെമു മാത്രമാണുള്ളത്.
വൈകുന്നേരം 5.40ന് പുറപ്പെടുന്ന ഈ ട്രെയിനില്‍ കയറാന്‍ 5.15 ന് സ്റ്റേഷനില്‍ എത്തിയാല്‍പോലും ട്രെയിൻ ഏതാണ്ട് നിറഞ്ഞ അവസ്ഥയായിരിക്കും. നിരവധിപ്പേർ നിലത്തിരിക്കുകയും ഡോറുകളില്‍ പിടിച്ചുനില്‍ക്കുകയും ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്. തിരുവല്ല, ചെങ്ങന്നൂര്‍ സ്റ്റേഷനെത്തുമ്പോഴേക്കും ട്രെയിനില്‍ കയറാന്‍പോലും കഴിയാത്ത സ്ഥിതിയാകും. അമിതമായ തിരക്കുമൂലമുണ്ടാകുന്ന ദുര്‍ഗന്ധവും വിയര്‍പ്പ് നാറ്റവും കാരണം യാത്രക്കാര്‍ തലകറങ്ങിവീഴുന്നതു പതിവാണ്.
കോവിഡിനുശേഷമാണ് യാത്രാ ക്ലേശം ഇത്തരത്തിലായതെന്നും ട്രെയിന്‍ യാത്ര ഇപ്പോള്‍ പേടിസ്വപ്നമാണെന്നും സ്ത്രീ യാത്രക്കാര്‍ പറയുന്നു. ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടോയ്ലറ്റില് പോകാന്‍പോലും കഴിയാറില്ലെന്ന് വനിതകള്‍ പറയുന്നു.
കൊല്ലത്തുനിന്നു രാവിലെ പുറപ്പെടുന്ന കൊല്ലം മെമു, വേണാട് എക്സ്പ്രസ്, പരശുരാം എക്സ്പ്രസ്, ശബരി എക്സ്പ്രസ് എന്നീ അഞ്ച് ട്രെയിനുകളില്‍ പോകുന്നവര്‍ക്ക് വൈകുന്നേരം മടക്കയാത്രയ്ക്കു ലഭിക്കുന്നത് ഈ ഒരു ട്രെയിന്‍ മാത്രമാണ്. അതുകൊണ്ടുതന്നെ ഈ സര്‍വീസിന്റെ കോച്ചുകള്‍ വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. കൊല്ലത്തുനിന്ന് ആലപ്പുഴ വഴിയുള്ള മെമു സര്‍വീസുകളില്‍ 16 കോച്ചുകള്‍ വരെ കൂട്ടിയെങ്കിലും, അതേനിലയില്‍ കോട്ടയം വഴി പോകുന്ന സര്‍വീസുകളില്‍ ഇതുവരെ ആ പരിഷ്കരണം നടപ്പാക്കിയിട്ടില്ല.
കൊല്ലത്തെ മെമു ഷെഡിന്റെ പണി പൂര്‍ത്തിയായിട്ട് മാത്രമേ കോച്ചുകള്‍ വര്ധിപ്പിക്കുകയുള്ളൂവെന്ന അധികാരികളുടെ മനോഭാവവും മെമു ഷെഡിന്റെ പണിയുടെ മെല്ലെപ്പോക്കും യാത്രക്കാരുടെ മെച്ചപ്പെട്ട യാത്രാ ആവശ്യത്തെ അനിശ്ചിതത്വത്തിലാക്കുന്നു. മെമു ഷെഡിന്റെ പണി പൂര്‍ത്തിയാകുന്നതിനു മുമ്പുതന്നെ കോച്ച് വര്‍ധന നടപ്പാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.