മെഡി. കോളജിലെ നിർമാണ പ്രവർത്തനങ്ങൾ : സമയബന്ധിതമായി പൂർത്തീകരിക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം
1582738
Sunday, August 10, 2025 7:08 AM IST
ഏറ്റുമാനൂർ: കോട്ടയം മെഡിക്കൽ കോളജിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ തിരുവനന്തപുരത്ത് ചേർന്ന മന്ത്രിതല യോഗത്തിൽ തീരുമാനം. വിവിധ നിർമാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രിമാരായ വി.എൻ. വാസവൻ, വീണാ ജോർജ് എന്നിവർ വിളിച്ച അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
എംബിബിഎസ് വിദ്യാർഥികളുടെ മെൻസ് ഹോസ്റ്റലിന്റെ നവീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തീകരിക്കാനും തീരുമാനിച്ചു. നിർമാണ പ്രവർത്തനങ്ങൾക്കിടയിൽ നേരിടേണ്ടിവരുന്ന സാങ്കേതിക വിഷയങ്ങൾ വിശദമായി വിലയിരുത്തി അടിയന്തരമായി പരിഹരിക്കും. കെഎസ്ഇബി, പിഡബ്ല്യുഡി (ബിൽഡിംഗ്) ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് നിർമാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും.
കഴിഞ്ഞ ഒമ്പതു വർഷംകൊണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ കോട്ടയം മെഡിക്കൽ കോളജിനായി ചെലവഴിച്ചത് 956.79 കോടി രൂപയാണ്. ഈ സർക്കാർ ഇതുവരെ 746.10 കോടി രൂപയാണ് മെഡിക്കൽ കോളജിനായി നൽകിയിരിക്കുന്നത്.
അത്യാധുനിക സംവിധാനങ്ങളോടുകൂടിയ അഞ്ചു ബ്ലോക്കുകൾ പൂർത്തിയാകുമ്പോൾ കോട്ടയം മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി പദവിയിലേക്ക് എത്തിച്ചേരും.
നിർമാണം പൂർത്തീകരിച്ച സർജറി ബ്ലോക്കിൽ വിവിധ സർജറി വിഭാഗങ്ങളെ ഏകീകരിപ്പിച്ചുകൊണ്ട് ഒറ്റ ബ്ലോക്കിൽ സർജറി നടത്താൻ സാധിക്കും. റേഡിയോ ഡയഗ്നോസിസ്, ഇഎൻടി, അസ്ഥിചികിത്സ, ജനറൽ സർജറി, അനസ്തേഷ്യ വിഭാഗങ്ങളും പതോളജി-മൈക്രോബയോളജി-ബയോകെമിസ്ട്രി ലാബ് വിഭാഗങ്ങളും ഇവിടെ ഏകീകരിക്കപ്പെടും.
257 കോടി രൂപയുടെ പദ്ധതിയിൽ 169 കോടി നിർമാണങ്ങൾക്കും ബാക്കി തുക ഉപകരണങ്ങൾക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമാണ്. ബ്ലോക്കിലുള്ള 18 ഓപ്പറേഷൻ തിയറ്ററുകളിൽ രണ്ടു മൈനർ തിയറ്ററുകളും 14 മേജർ തിയറ്ററുകളും രണ്ട് സെപ്റ്റിക് ഓപ്പറേഷൻ തിയറ്ററുകളുമാണുള്ളത്.
22 കിടക്കകൾ വീതമുള്ള രണ്ടു തീവ്രപരിചരണ യൂണിറ്റുകളും 12 കിടക്കകളുള്ള ഐസൊലേഷൻ തീവ്രപരിചരണ മുറികളുമുണ്ട്. 526 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.
നിലവിലെ കാർഡിയോളജി-കാർഡിയോ തൊറാസിക് ബ്ലോക്കിന് സമീപത്തായാണ് 36 കോടി രൂപ ചെലവിൽ കാർഡിയോളജി ബ്ലോക്ക് ഒന്നാംഘട്ടത്തിന്റെ നിർമാണം നടക്കുന്നത്. അത്യാഹിത വിഭാഗത്തിന് സമീപമാണ് 22 കോടി രൂപ ചെലവിൽ പുതിയ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമിക്കുന്നത്. അഞ്ച് നിലകളുള്ള ഈ വിഭാഗത്തിൽ അടിയന്തര സാഹചര്യത്തിലുള്ള ശസ്ത്രക്രിയകൾ അടക്കമുള്ള കാര്യങ്ങൾ പെട്ടെന്ന് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
പത്ത് കോടിരൂപ ചെലവിൽ പകർച്ചവ്യാധി നിയന്ത്രണ വിഭാഗത്തിന്റെ ബ്ലോക്കും നിർമാണമാരംഭിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ മന്ത്രിമാർക്കു പുറമേ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.