കൃഷിയും പുരയിടങ്ങളും നശിപ്പിച്ച് പന്നിക്കൂട്ടം
1582746
Sunday, August 10, 2025 7:08 AM IST
ഞീഴൂര്‍: കാഞ്ഞിരംപാറ ഭാഗത്ത് കൃഷിയും പുരയിടങ്ങളും നശിപ്പിച്ച് പന്നിക്കൂട്ടം. ഉടമകളില്ലാത്ത പന്നിക്കൂട്ടം കൃഷിയിടങ്ങള്‍ നശിപ്പിച്ചു തുടങ്ങിയതോടെ നാട്ടുകാരും വീട്ടുകാരും കൃഷിക്കാരുമെല്ലാം ദുരിതത്തിലായി. പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പ്പെടുന്ന കാഞ്ഞിരംപാറ ഭാഗത്താണ് പന്നികള്‍ കൂട്ടത്തോടെയെത്തി കൃഷിയിടങ്ങളും മറ്റും നശിപ്പിക്കുന്നത്.
കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള പന്നിക്കൂട്ടം കൃഷിയിടത്തിലെത്തി നാശം വരുത്തി മടങ്ങുകയാണ്. ഇവ എങ്ങനെ ഇവിടയെത്തിയെന്ന് ആര്‍ക്കുമറിയില്ല. നാട്ടുകാര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഉടമകളെ കണ്ടെത്താനായില്ല.
പന്നികള്‍ നശിപ്പിച്ച കൃഷിയിടങ്ങള്‍ നാട്ടുകാര്‍ പഞ്ചായത്തധികൃതരെ കാണിച്ചുകൊടുത്തു.
സമീപവാസികള്‍ വളര്‍ത്തുന്ന പന്നികളാണെന്ന് പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇത്തരത്തില്‍ അന്വേഷിച്ചെങ്കിലും തങ്ങളുടെയല്ല പന്നികളെന്നു വീട്ടുകാര്‍ പറഞ്ഞു. പന്നികളെ പിടികൂടാന്‍ വനംവകുപ്പ് അധികൃതരുടെ സഹായം തേടാനുള്ള നീക്കത്തിലാണ് പഞ്ചായത്ത്.
കാഞ്ഞിരംപാറ ഭാഗത്ത് ഏക്കറുകണക്കിന് സ്ഥലം കാടുപിടിച്ചു കിടപ്പുണ്ട്. ഇവിടെയാവും പന്നിക്കൂട്ടങ്ങളുള്ളതെന്നു നാട്ടുകാര്‍ പറയുന്നു. ഞീഴൂര്‍ പഞ്ചായത്ത് പ്രദേശത്ത് കുറക്കന്മാരുടെ ശല്യവും രൂക്ഷമാണെന്നു നാട്ടുകാര്‍ പറയുന്നു.