പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റിനെതിരേ ആരോപണവുമായി അംഗങ്ങള്‍ രംഗത്ത്
1582719
Sunday, August 10, 2025 7:03 AM IST
മുണ്ടക്കയം: കോണ്‍ഗ്രസ് ഭരിക്കുന്ന പെരുവന്താനം പഞ്ചായത്ത് ഭരണസമിതിയില്‍ ഭിന്നത രൂക്ഷം. പഞ്ചായത്ത് പ്രസിഡന്റ് നിജനി ഷംസുദീനെതിരേ കടുത്ത ആരോപണങ്ങളുമായി മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റും നിലവിലെ പഞ്ചായത്ത് അംഗവുമായ ഷാജി പുല്ലാട്ട് രംഗത്തെത്തി.
കഴിഞ്ഞ വെള്ളിയാഴ്ച തെക്കേമലയില്‍ നടക്കാനിരുന്ന ഗ്രാമ സംഗമം പരിപാടി അട്ടിമറിച്ചത് പഞ്ചായത്ത് പ്രസിഡന്റ് നിജനി ഷംസുദീനാണെന്ന് ഷാജി പുല്ലാട്ട് പത്രസമ്മേളനത്തില്‍ ആരോപിച്ചു. പരിപാടിയുടെ ഉദ്ഘാടകയായി ഇടുക്കി ജില്ലാ കളക്ടറെയാണ് നിശ്ചയിച്ചിരുന്നത്. സംഗമം ഉദ്ഘാടനം ചെയ്യാന്‍ തയാറായിരുന്ന ഇടുക്കി ജില്ലാ കളക്ടറെ അവസാന ദിവസം തെറ്റിധരിപ്പിച്ചാണ് പ്രോഗ്രാമില്‍നിന്നു പിന്തിരിപ്പിച്ചത്.
പ്രോഗ്രാമിന്റെ അധ്യക്ഷയാകേണ്ട പ്രസിഡന്റ് തെക്കേമലയില്‍ നടക്കുന്ന ഗ്രാമ സംഗമവുമായി പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ തനിക്കോ പഞ്ചായത്തിനോ യാതൊരു ബന്ധവുമില്ലന്ന് ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട വൃത്തങ്ങളെ വിളിച്ച് അറിയിക്കുകയും ഇതോടെ പരിപാടിയില്‍നിന്നു കളക്ടര്‍ പിന്മാറുകയായിരുന്നെന്നും ഷാജി പുല്ലാട്ട് ആരോപിക്കുന്നു.
സംഗമവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായപ്പോള്‍ തലേദിവസം വൈകുന്നേരം കളക്ടറെ തെറ്റിധരിപ്പിച്ചുളള പഞ്ചായത്ത് പ്രസിഡന്റിന്റെ നാടകമാണ് പ്രോഗ്രാം അട്ടിമറിച്ചതെന്നും ഷാജി ആരോപിച്ചു.
തെക്കേമല ക്രൈസ്തവ ദേവാലയം, വിവിധ കുടുംബശ്രീ യൂണിറ്റുകള്‍, വിവിധ കര്‍ഷകര്‍ എല്ലാവരും പ്രോഗ്രാമിനായി കഠിനാധ്വാനം ചെയ്തു പ്രോഗ്രം വിജയിപ്പിക്കാനാവശ്യമായ നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. വിവധ തലങ്ങളില്‍ മികവുകാട്ടിയ വിദ്യാര്‍ഥികളെയും കര്‍ഷകരെയും ആദരിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ നാടിനു പുറത്തുപോയിരുന്ന നിരവധിയാളുകള്‍ നാട്ടില്‍ എത്തിച്ചേര്‍ന്നിരുന്നു. പഞ്ചയാത്ത് പ്രസിഡന്റ് തെക്കേമല ഗ്രാമത്തോടു കാട്ടിയ വഞ്ചനയാണ് ഇതെന്നും ഷാജി പുല്ലാട്ട് പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം പഞ്ചായത്തിലെ യുവ നേതാവിനെതിരായ ചില ആരോപണങ്ങള്‍ക്കു പിന്നിലും മഹിളാ കോണ്‍ഗ്രസ് നേതാവും മുന്‍ പ്രസിഡന്റുമായിരുന്ന വനിതയെ അഴിമതിക്കേസില്‍ കുടുക്കാന്‍ മുന്‍കൈ എടുത്തതും നിലവിലെ പഞ്ചായത്ത് പ്രസിഡന്റാണെന്ന് ഷാജി ആരോപിച്ചു. പെരുവന്താനം പഞ്ചായത്ത് ഭരണസമിതി അംഗം തന്നെ നിലവിലെ പ്രസിഡന്റിനെതിരേ ആരോപണവുമായി രംഗത്ത് എത്തിയതോടെ ഏറെ നാളായി ഭരണസമിതിയില്‍ പുകയുന്ന അസ്വാരസ്യം വരും ദിവസങ്ങളില്‍ മറനീക്കി പുറത്തു വരാനാണ് സാധ്യത.