കടുത്തുരുത്തി റെയില്‍വേ മേല്‍പ്പാലം : സ്ഥലമെടുപ്പ് നടപടികള്‍ 3 മാസത്തിനകം പൂര്‍ത്തിയാക്കും: മോന്‍സ് ജോസഫ്
1582745
Sunday, August 10, 2025 7:08 AM IST
കടുത്തുരുത്തി: മുട്ടുചിറ-കല്ലറ റോഡില്‍ വാലാച്ചിറ റെയില്‍വേ ഗേറ്റ് ഒഴിവാക്കുന്നതിനുവേണ്ടി ആവിഷ്കരിച്ചിരിക്കുന്ന കടുത്തുരുത്തി റെയില്‍വേ മേല്‍പ്പാലത്തിന്റെ സ്ഥലമെടുപ്പ് നടപടിക്രമങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
റെയില്‍വേ മേല്‍പ്പാലത്തിനുവേണ്ടി സ്ഥലം വിട്ടുതരുന്ന വിസ്തൃതി കണക്കാക്കി വിലനിര്‍ണയം നടത്തുന്നതിനുള്ള അവാര്‍ഡ് എന്‍ക്വയറി തുടങ്ങുന്നതിനു മുന്നോടിയായുള്ള വിവിധ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും യോഗം തീരുമാനിച്ചു. ഇതുപ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള 19 (1) വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുമതി തേടിക്കൊണ്ടുള്ള ഫയല്‍ റവന്യു വകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്.
അനുമതി ലഭിച്ചതിനുശേഷം 30 ദിവസത്തെ സമയപരിധി പിന്നിട്ടാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കാന്‍ കഴിയും. തുടര്‍ന്ന് റവന്യു വകുപ്പില്‍നിന്നു റെയില്‍വേ മേല്‍പ്പാലം നിര്‍മാണച്ചുമതല നല്‍കിയിട്ടുള്ള പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പറേഷന് ഏറ്റെടുത്തിട്ടുള്ള ഭൂമിയുടെ രേഖകള്‍ കൈമാറും.
ഇതിനുശേഷമാണ് റെയില്‍വേ മേല്‍പ്പാലത്തിന്റെ ടെണ്ടര്‍ നടപടികള്‍ ആരംഭിക്കാന്‍ കഴിയുകയെന്ന് എംഎല്‍എ അറിയിച്ചു. കടുത്തുരുത്തി റെയില്‍വേ മേല്‍പ്പാലത്തിനുവേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്ത് വീട് പൂര്‍ണമായും നഷ്ടപ്പെടുന്ന കുടുംബത്തിന് നഷ്ടപരിഹാരം നല്കാന് വ്യവസ്ഥ ചെയ്യുന്ന ആര്‍ആര്‍ പാക്കേജിന് ലാന്‍ഡ് റവന്യു കമ്മീഷണര്‍ അംഗീകാരം നല്‍കിയതായും എംഎല്‍എ അറിയിച്ചു.
ഇതുപ്രകാരം വീട് പൂര്‍ണമായും നഷ്ടപ്പെടുന്ന കുടുംബത്തിന് 4,60,000 രൂപ അനുവദിച്ചു നല്കി. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന റെയില്‍വേ മേല്‍പ്പാല നിര്‍മാണ പ്രവൃത്തിയുടെ മുന്നൊരുക്കമായി ചെയ്യുന്ന കാര്യങ്ങള്‍ പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ എംഎല്‍എ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
മുട്ടുചിറ-കല്ലറ റോഡില്‍ വാലാച്ചിറ റെയില്‍വേ ഗേറ്റ് ഒഴിവാക്കി കടുത്തുരുത്തി റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കുന്നതിന് മോന്‍സ് ജോസഫ് എംഎല്‍എ മുന്‍കൈയെടുത്ത് സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 30 കോടി രൂപയുടെ ഭരണാനുമതി നേടിയിരുന്നു.
മേല്‍പ്പാല നിര്മാണത്തിനുവേണ്ടി കിഫ്ബി ബോര്‍ഡ് മീറ്റിംഗ് 19.33 കോടി രൂപയുടെ ഭരണാനുമതിയാണ് പ്രഥമഘട്ടത്തില്‍ നല്‍കിയിരുന്നത്. പുതുക്കിയ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പുതുക്കിയ നിരക്ക് ഇതുപ്രകാരം റിവേഴ്സ്ഡ് എസ്റ്റിമേറ്റ് തയാറാക്കി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും.