ഓർമ ഒറേറ്റർ ഓഫ് ദ ഇയർ പുരസ്കാരം സോജു സി. ജോസിന്
1582724
Sunday, August 10, 2025 7:03 AM IST
പാലാ: ഓർമ ഇന്റർനാഷണൽ (ഓവർസീസ് റെസിഡന്റ് മലയാളീസ് അസോസിയേഷൻ) ടാലന്റ് പ്രമോഷൻ ഫോറം ആഗോളതലത്തിൽ സംഘടിപ്പിച്ച മൂന്നാമത് അന്താരാഷ്ട്ര പ്രസംഗ മത്സരത്തിൽ ഒരു ലക്ഷം രൂപയുടെ ഓർമ ഓറേറ്റർ ഓഫ് ദ ഇയർ പുരസ്കാരം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥി സോജു സി. ജോസ് നേടി.
പ്രസംഗമത്സരം ഗ്രാൻഡ് ഫിനാലെ എഡിജിപി പി.വിജയൻ ഉദ്ഘാടനം ചെയ്തു. ഓർമ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എംപി, മാണി സി. കാപ്പൻ എംഎൽഎ, മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ, ചലച്ചിത്ര സംവിധായകൻ ഭദ്രൻ മാട്ടേൽ, ചലച്ചിത്ര താരങ്ങളായ വിൻസി അലോഷ്യസ്, സുവർണ മാത്യു, ചലച്ചിത്ര നിർമാതാവ് ലിസി ഫെർണാണ്ടസ്, ജോസ് ആറ്റുപുറം, സജിമോൻ ആന്റണി, ജോസ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
സീനിയർ മലയാളം വിഭാഗത്തിൽ മദ്രാസ് കിസ്ത്യൻ കോളജിലെ ബ്ലെസി ബിനു ഒന്നാം സ്ഥാനം നേടി 50,000 രൂപ കരസ്ഥമാക്കി.
സീനിയർ ഇംഗ്ലീഷ് വിഭാഗത്തിൽ പാലക്കാട് കാണിക്കമാതാ കോൺവന്റ് ഇഎം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ശ്രീയാ സുരേഷ് 50,000 രൂപയുടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജൂനിയർ വിഭാഗം മലയാളത്തിൽ കോഴിക്കോട് ബാലുശേരി ജിഎച്ച്എസ്എസിലെ ആർ.വി. അർച്ചന 25,000 രൂപയുടെ ഒന്നാം സമ്മാനം നേടി. ജൂനിയർ ഇംഗ്ലീഷ് വിഭാഗത്തിൽ 25,000 രൂപയുടെ ഒന്നാം സ്ഥാനം ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിലെ നിയ മരിയ ജോബിയും കരസ്ഥമാക്കി.