പോളയും മാലിന്യവും തിങ്ങി എസി കനാല്‍; മരം വീണു തകര്‍ന്ന മതിൽ പുനര്നിര്മിച്ചുമില്ല
1582765
Sunday, August 10, 2025 7:23 AM IST
മനയ്ക്കച്ചിറ ടൂറിസം പദ്ധതി നാശോന്മുഖം
ചങ്ങനാശേരി: വര്‍ഷങ്ങള്‍ക്കുമുമ്പ് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച മനയ്ക്കച്ചിറ ടൂറിസം പദ്ധതി ഇപ്പോൾ കണ്ടാല്‍ ആരും മൂക്കത്ത് കൈവയ്ക്കും. കനാലിൽ പോളയുംപായലും തിങ്ങി മാലിന്യകേന്ദ്രമായി. മരംവീണു തകര്‍ന്ന മതിലിന്റെ പുനര്‍നിര്‍മാണം നടന്നിട്ടില്ല. സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രമായി മാറിയതോടെ എസി കനാലിന്റെ വശങ്ങളില് കുടുംബമായി താമസിക്കുന്നവരുടെ ജീവിതം ദുരിതപൂര്‍ണമായി. വര്‍ഷങ്ങളോളം ഓണക്കാലത്ത് ജലോത്സവം നടന്നിരുന്ന കനാലാണ് ചെളിക്കുളമായി അവശേഷിച്ചിരിക്കുന്നത്.
ടൂറിസം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച മതിലും വേലിക്കെട്ടും പല ഭാഗത്തും നശിച്ച നിലയിലാണ്. രണ്ടുമാസം മുമ്പുണ്ടായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് പദ്ധതിയുടെ തുടക്കഭാഗത്ത് അമ്പതു മീറ്ററോളം മതില് തകര്‍ന്നിരുന്നു. ഈ ഭാഗത്തുകൂടി പകലും രാത്രിയും ആളുകള്‍ അതിക്രമിച്ചു കയറുന്നുണ്ട്.
ഒരാള്‍ പൊക്കത്തിലാണ് കനാലില്‍ പുല്ലും കാട്ടുചെടികളും വളര്ന്നുനില്ക്കുന്നത്. കനാലിലെ മാലിന്യത്തില്‍നിന്നുയരുന്ന ദുര്‍ഗന്ധം സമീപവാസികളെ ഏറെ വലയ്ക്കുകയാണ്. വിഷപ്പാമ്പുകളും മറ്റ് ഇഴജന്തുക്കളും ഇവിടെ വിഹരിക്കുകയാണ്. കാമുകീ-കാമുകന്മാരുടെ അഴിഞ്ഞാട്ടവും ലഹരിസംഘങ്ങളുടെ വിഹാരവും സ്വൈര ജീവിതത്തിനു വിഘാതമാകുന്നുവെന്ന് നാട്ടുകാർ പറയുന്നു.
കനാല്‍ ആഴം കൂട്ടി വൃത്തിയാക്കുന്നതിനൊപ്പം ഈ ഭാഗങ്ങളില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. എസി കനാല്‍ പള്ളാത്തുരുത്തിയില്‍ തുറന്നാല്‍ കനാലിന്റെ ചുറ്റുപാടുകളിലും കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിലുമുള്ള വെള്ളപ്പൊക്കത്തിനു പരിഹാരം കാണാനാകുമെന്നും കനാല്‍ വികസനസമിതി ചൂണ്ടിക്കാട്ടുന്നു.