കാലപ്പഴക്കമേറിയ വെട്ടിക്കാട്ടുമുക്ക് പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കണമെന്ന്
1582760
Sunday, August 10, 2025 7:23 AM IST
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് - എറണാകുളം റോഡിലെ വെട്ടിക്കാട്ടുമുക്ക് പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അരനൂറ്റാണ്ടിലധികം പഴക്കമുള്ള വീതികുറഞ്ഞ പാലം ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കുകയാണ്. പ്രതിദിനം ആയിരക്കണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന വീതി കുറഞ്ഞ പാലത്തിൽ വലിയ വാഹനങ്ങൾ കടന്നുവരുമ്പോൾ ഇരുചക്രവാഹന യാത്രികരും കാൽനടക്കാരും ജീവൻ രക്ഷിച്ചെടുക്കുന്നത് തലനാരിഴയ്ക്കാണ്. സമീപ റോഡിനായി വളരെക്കുറച്ച് സ്ഥലം മാത്രം ഏറ്റെടുക്കേണ്ടിവരും.
പാലത്തിലെ അപകടസ്ഥിതി കണക്കിലെടുത്ത് പാലത്തിനിരുവശവും കാൽനടക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ നടപ്പാത തീർക്കണമെന്ന് പ്രദേശവാസികൾ വർഷങ്ങളായി ആവശ്യപ്പെട്ടുവരികയാണെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ല. വെള്ളൂർ പേപ്പർ മിൽ, സ്വകാര്യ സിമന്റ് കമ്പനി എന്നിവിടങ്ങളിലേക്ക് രാപകൽ വ്യത്യാസമില്ലാതെ ടൺകണക്കിനു നിർമാണസാമഗ്രികളുമായി ഭാരവണ്ടികൾ ഈ പാലം കടന്നാണ് പോകുന്നത്.
തലയോലപ്പറമ്പ് ഡി.ബി. കോളജും പാലത്തിനടുത്താണ് സ്ഥിതിചെയ്യുന്നത്. വാഹനങ്ങൾക്കും കാൽനടക്കാർക്കും സുരക്ഷിതമായി സഞ്ചരിക്കാനാകുന്നതരത്തിൽ വീതികൂട്ടി ഇരുവശങ്ങളിലും നടപ്പാതയോടുകൂടിയ പാലം നിർമ്മിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് വെട്ടിക്കാട്ടുമുക്ക്, വടകര നിവാസികൾ ആവശ്യപ്പെട്ടു.