പാലാ ഗവ. ആശുപത്രി കെട്ടിടങ്ങള്‍ക്ക് അഗ്നിരക്ഷാ വകുപ്പ് എന്‍ഒസി ഇല്ല ;കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ വാക്കൗട്ട്
1582728
Sunday, August 10, 2025 7:03 AM IST
പാലാ: നഗരസഭയുടെ നിയന്ത്രണത്തിലുള്ള ഗവണ്മെന്റ് ജനറല്‍ ആശുപത്രിയുടെ കെട്ടിടങ്ങള്‍ക്ക് ഒക്കുപ്പെന്‍സി സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന ഗുരുതര വെളിപ്പെടുത്തല്‍ പുറത്ത്. കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ കൗണ്‍സിലറായ സിജി ടോണി രേഖാമൂലം ഉയര്‍ത്തിയ ചോദ്യത്തിനു മറുപടിയായിട്ടാണ് കെട്ടിടങ്ങള്‍ക്ക് പ്രവര്‍ത്തന അനുമതി ലഭിക്കുന്നതിന് ആവശ്യമായ കെട്ടിട നമ്പരോ, ഫയര്‍ എന്‍ഒസിയോ ഇല്ലെന്ന് നഗരസഭ അധികൃതര്‍ വെളിപ്പെടുത്തിയത്.
2019-20 കാലഘട്ടത്തില്‍ ഉപയോഗിച്ചു തുടങ്ങിയ കെട്ടിടത്തിന് കോവിഡ് സാഹചര്യത്തില്‍ അടിയന്തര പ്രവര്‍ത്തന അനുമതി നല്‍കുകയായിരുന്നു എന്ന ന്യായീകരണം നിരത്തിയപ്പോള്‍ കോവിഡിന് ശേഷം മൂന്നുവര്‍ഷം കഴിഞ്ഞിട്ടും ഇതിനുവേണ്ടിയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്ത ഭരണസമിതിയുടെ ഗുരുതര കൃത്യവിലോപമാണെന്ന് പ്രതിപക്ഷ നേതാവ് പ്രഫ. സതീശ് ചൊള്ളാനി ചൂണ്ടിക്കാട്ടി.
ഗവ. ആശുപത്രി വിഷയത്തില്‍ കൗണ്‍സിലില്‍ ഭരണപക്ഷം എടുത്ത നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തുകയും ചെയ്തു. കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരായ സിജി ടോണി, ജോസ് എടേട്ട്, ജിമ്മി ജോസഫ്, പ്രിന്‍സ് വിസി, ലിസിക്കുട്ടി മാത്യു, ആനി ബിജോയി, മായ രാഹുല്‍ എന്നിവരും പ്രസംഗിച്ചു.
ആശുപത്രിയിലെ ഓക്സിജന്‍ സിലിണ്ടറുകള്‍ സൂക്ഷിച്ചിരിക്കുന്നത് ഇലക്ട്രിക്കല്‍ കണ്ട്രോള് റൂമുകള്‍ക്കും ബാറ്ററികള്‍ക്കും സമീപം ആയിട്ടാണെന്നും ഇതു ഗുരുതര വീഴ്ചയാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തലുകള്‍ ഉണ്ടായിരുന്നു. ഇത്രയും ഗൗരവകരമായ വിഷയങ്ങള്‍ പുറത്തുവന്നിട്ടും തെറ്റുതിരുത്തല്‍ നടപടികള്‍ നഗരസഭയുടെ ഭാഗത്തുനിന്ന് ആരംഭിച്ചിട്ടില്ല എന്നത് പ്രതിഷേധാര്‍ഹമാണെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ചൂണ്ടിക്കാട്ടി.
വില്ലന്‍ റാമ്പ്
ഗവണ്മെന്റ് ആശുപത്രിക്കെട്ടിടത്തിന് ഫയര്‍ എൻഒസി ലഭിക്കാത്തതിനു കാരണം കെട്ടിടങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന റാമ്പ് എന്നു സൂചന. ഇവിടുത്തെ ബഹുനില മന്ദിരങ്ങള്‍ തമ്മില്‍ റാമ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും കെട്ടിടത്തിന് താഴെയിറങ്ങി വീണ്ടും മുകളില്‍ കയറുന്നത് ഒഴിവാക്കാനാണിത്.
ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ക്ക് ഇതിനു അടിയിലൂടെ സുഗമമായി പോകുന്നതിന് സാധിക്കുമെങ്കിലും ഫയര്‍ഫോഴ്സിന്റെ നിബന്ധനയസരിച്ച് നിശ്ചിത അടിയില്‍ കൂടുതല്‍ ഉയരം വേണം. ഇതു പാലിക്കാത്തതാണ് കാരണമെന്നാണ് സൂചന. ഫയര്‍ എന്‍ഒസിക്കു വേണ്ട അപേക്ഷ പലതവണ നല്‍കിയതാണെന്ന് ആശുപത്രി ആര്‍എംഒ ഡോ. രേഷ്മ പറഞ്ഞു. പാലാ ആശുപത്രിയിലെ റാമ്പ് വളരെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നതെന്നും എന്‍ഓസി അനുവദിക്കേണ്ടതാണെന്നും കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍ പറഞ്ഞു.