അടിമുടി ദുരൂഹത, ചുരുളഴിയാന്‍ കേസുകളേറെ
1582736
Sunday, August 10, 2025 7:04 AM IST
കോട്ടയം: നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ ചോദ്യംചെയ്യലിനോടു സഹകരിക്കാതെ ക്രൈം ബ്രാഞ്ചിനെ പത്തു ദിവസമായി കുഴപ്പിക്കുന്ന ചേര്‍ത്തല പള്ളിപ്പുറം ചെങ്ങുംതറയില്‍ സെബാസ്റ്റ്യ(67)ന്റെ മുന്‍കാല ജീവിതത്തില്‍ അടിമുടി ദുരൂഹത. പത്താം ക്ലാസ് തോറ്റ സെബാസ്റ്റ്യന്‍ എസ്എസ്എല്‍സി പാസായതായി തയാറാക്കിയ ബുക്ക് വ്യാജമാണെന്ന് സംശയിക്കുന്നു. ഇതേ വ്യാജ എസ്എസ്എല്‍സി ബുക്ക് വിവിധ ആവശ്യങ്ങള്‍ക്ക് ഇയാള്‍ വിവിധ സ്ഥാപനങ്ങളില്‍ രേഖയായി സമര്‍പ്പിച്ചിട്ടുണ്ട്.
എസ്എസ്എല്‍സി തോറ്റശേഷം ടൈപ്പ് റൈറ്റിംഗ് പഠിച്ചു. തുടർന്ന് ചേര്‍ത്തല-അരീക്കുറ്റി റൂട്ടിലെ സ്വകാര്യ ബസിലെ ഡോര്‍ കീപ്പറായും ടാക്സി ഡ്രൈവറായും ജോലി ചെയ്തു. പിന്നീട് വാഹന കച്ചവടത്തിലേക്കു തിരിഞ്ഞു. ഒരു അംബാസഡറും സ്വരാജ് മസ്ദ വാനും ഇന്നോവയും ഉള്‍പ്പെടെ പലപ്പോഴായി വന്നുപോയ വാഹനങ്ങളേറെയും കള്ളവണ്ടികളായിരുന്നു.
ആര്‍സി ബുക്കുകള്‍ വ്യാജമായി തയാറാക്കിയാണു പലതും വിറ്റിരുന്നത്. ചില വാഹനങ്ങള്‍ക്ക് യാതൊരു രേഖകളും ഉണ്ടായിരുന്നില്ല. പലയിടങ്ങളില്‍ ടാക്സി ഡ്രൈവര്‍മാരെ കൊലചെയ്തു കാറുകള്‍ കൈവശപ്പെടുത്തി കേരളത്തെ നടുക്കിയ കേസുകളില്‍ സെബാസ്റ്റ്യന്‍ പങ്കാളിത്തമോ അറിവോ ഉണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നു.
സ്കൂള്‍കാലം മുതൽ മോഷണം
ചെറുപ്പത്തില്‍ കുഞ്ഞച്ചന് എന്നറിയപ്പെട്ടിരുന്ന ഇയാള്‍ സ്കൂള്‍കാലം മുതല്‍ നാട്ടില്‍ പതിവായി ചെറിയ മോഷണങ്ങള്‍ നടത്തിയിരുന്നു. പലരില്‍നിന്നും പണം കടം വാങ്ങുകയും തിരികെ കൊടുക്കാതിരിക്കുകയും ചെയ്തിരുന്നു. അടുത്തകാലം വരെ കടം വാങ്ങിയ പണം ആവശ്യപ്പെട്ട് നിരവധി പേര് ഇയാളുടെ ചേര്‍ത്തലയിലെ വീട്ടില്‍ എത്തിയിരുന്നു. ഇത്തരത്തില്‍ സമ്മര്‍ദം കൂടുമ്പോള്‍ സെബാസ്റ്റ്യന്‍ ഏറ്റുമാനൂര്‍ വെട്ടിമുകളിലുള്ള ഭാര്യവീട്ടിലെത്തി ആഴ്ചകള്‍ താമസിച്ചശേഷം ചേര്‍ത്തലയിലേക്ക് മടങ്ങും.
വാഹനത്തട്ടിപ്പുകളും പണമിടപാടും പതിവായിരുന്ന കാലത്ത് പോലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങേണ്ടിവന്നപ്പോഴൊക്കെ കോഴ കൊടുത്ത് പുറത്തിറങ്ങുകയായിരുന്നു.
ചേര്‍ത്തല സ്വദേശി ബിന്ദു പത്മനാഭന്, ഐഷ, സിന്ധു എന്നിവരുടെ തിരോധാനത്തില്‍ പോലീസ് ചോദ്യം ചെയ്തപ്പോള്‍ പോലീസിലെ അടുപ്പക്കാരുടെ ഇടപെടലിലാണ് രക്ഷപ്പെട്ടുകൊണ്ടിരുന്നത്. 52-ാം വയസിലാണ് സെബാസ്റ്റ്യന്‍ വിവാഹം കഴിച്ചത്. എന്നാല്‍ സാമ്പത്തിക ഇടപാടുകളില്‍ ഇയാള്‍ക്ക് ഒട്ടേറെ സ്ത്രീകളുമായി അടുപ്പമുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.
അറുപതാം വയസിലാണ് സെബാസ്റ്റ്യന്‍ സ്ത്രീകളെ വകവരുത്തി തുടങ്ങിയതെന്നു പോലീസ് ഇപ്പോള്‍ കരുതുന്നില്ല. മുന്‍പും സമാനമായ കൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം. എട്ടുവര്‍ഷം മുന്‍പ് ഇയാള്‍ പുതിയ മാരുതി റിറ്റ്സ് കാര്‍ വാങ്ങിയിരുന്നു. വെട്ടിമുകളിലുള്ള ഭാര്യവീട്ടില്‍ കിടക്കുന്ന ഈ കാറില്‍നിന്നാണു കഴിഞ്ഞദിവസം കത്തിയും കമ്പിയും ഡീസല്‍ കാനും പോലീസ് കണ്ടെടുത്തത്.
ചേര്‍ത്തലയില്‍ രണ്ടേകാല്‍ ഏക്കര്‍ കാടുകയറിയ പുരയിടത്തിലാണു കാലങ്ങളായി സെബാസ്റ്റ്യന്‍ താമസിക്കുന്നത്. ഇവിടെയുള്ള വറ്റാത്ത കിണറില്‍നിന്നു വേനലില്‍ പ്രദേശവാസികള്‍ വെള്ളം കോരുന്നതും വഴി നടക്കുന്നതും സെബാസ്റ്റ്യന്‍ ഇരുപതു വര്‍ഷം മുന്‍പ് തടഞ്ഞിരുന്നു.
സഹോദരങ്ങളുമായും അകൽച്ച
അന്‍പത് വര്‍ഷം മുന്‍പ് പിതാവ് മരിച്ചപ്പോള്‍ ഈ ഭൂമി ഭാഗം ചെയ്തിരുന്നില്ല. സെബാസ്റ്റ്യനും മൂന്നു സഹോദരിമാരും ഉള്‍പ്പെടെ ആറു മക്കള്‍ക്ക് സ്വത്തില്‍ അവകാശമുണ്ട്. ഒരു സഹോദരന് മരിക്കുകയും മറ്റൊരാള്‍ എക്സൈസില്‍ ജോലി നേടി നാടുവിടുകയും ചെയ്തു. സഹോദരിമാരുടെ വിവാഹം കഴിഞ്ഞതോടെ സ്ഥലം സെബാസ്റ്റ്യന്റെ കൈവശമായി.
സ്വത്ത് അവകാശപ്പെട്ട് സഹോദരങ്ങള്‍ വന്നപ്പോള്‍ ഏറെക്കാലം അവരുമായി വഴക്കും അകല്‍ച്ചയുമായിരുന്നു. അടുത്തിടെ സ്ഥലം ഭാഗിക്കാന്‍ മധ്യസ്ഥര്‍ മുഖേന ധാരണയായപ്പോള്‍ റോഡിനോടു ചേര്‍ന്ന ഭാഗം വേണമെന്ന് സെബാസ്റ്റ്യന്‍ നിബന്ധന വച്ചു.
സെബാസ്റ്റ്യന്റെ എല്ലാ സാമ്പത്തിക ഇടപാടുകളിലും കൃത്യങ്ങളിലും സഹായിയായിരുന്ന പ്രദേശവാസിയായ യുവാവിന്റെ ആത്മഹത്യക്കു പിന്നിലും ദുരൂഹതയുണ്ട്. കാണാതായ സ്ത്രീകളില്‍പ്പെട്ട ബിന്ദു പത്മനാഭന്റെ തിരോധാനത്തില്‍ സെബാസ്റ്റ്യന്‍ സംശയത്തില്പ്പെട്ടപ്പോള് ഈ യുവാവിനെയും പോലീസ് തുടരെ ചോദ്യം ചെയ്തിരുന്നു.
സമ്മര്‍ദം താങ്ങാനാവാതെ ഇയാള്‍ ജീവനൊടുക്കുകയോ അതല്ലെങ്കില്‍ സെബാസ്റ്റ്യന്‍ അപായപ്പെടുത്തുകയോ ആയിരുന്നുവെന്ന് സംശയിക്കുന്നു. കോടികളുടെ സ്വത്തും നിക്ഷേപവും അപഹരിക്കാന്‍ ബിന്ദു പത്മനാഭന്റെ പേരിലും സെബാസ്റ്റ്യന്‍ വ്യാജ എസ്എസ്എല്‍സി ബുക്കും വ്യാജ ആധാരവും തയാറാക്കിയിരുന്നു.
ജെയ്നമ്മയുടെ കൊലപാതകം: മൊബൈല്‍ ഫോണ്‍ നിര്‍ണായക തെളിവ്
കോട്ടയം: കൊല്ലപ്പെട്ട അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായില്‍ ജെയ്നമ്മ (55)യുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പോലീസിന്റെ ഊര്‍ജിത അന്വേഷണം. ജെയ്നമ്മ വധക്കേസില്‍ കസ്റ്റഡിയിലുള്ള പ്രതി ചേര്‍ത്തല ചൊങ്ങുംതറ സെബാസ്റ്റ്യന്‍ (68) കഴിഞ്ഞ മാസം 19 വരെ ഈ ഫോണ്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയില്‍ തുടരെ ചോദ്യം ചെയ്തിട്ടും മൊബൈല്‍ എവിടെയുണ്ടെന്ന് പ്രതി വെളിപ്പെടുത്തുന്നില്ല.
വെട്ടിമുകളിലുള്ള ഭാര്യവീട്ടിലും ചേര്‍ത്തലയിലെ വീട്ടിലും പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് ഇത് റീചാര്‍ജ് ചെയ്ത കടകളിലെല്ലാം പോലീസ് വിവരങ്ങള്‍ തേടിയിരുന്നു. കഴിഞ്ഞ മാസം 19 ന് ഈരാറ്റുപേട്ട നൈനാന്പള്ളിക്കു സമീപത്തെ കടയില്‍നിന്ന് ജെയ്നമ്മയുടെ നമ്പരില്‍ 99 രൂപയ്ക്ക് റീചാര്‍ജ് ചെയ്തത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇതിനുശേഷമാണ് ഫോണ്‍ അപ്രത്യക്ഷമായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24ന് കാണാതായ ഘട്ടത്തില്‍ ജെയ്നമ്മ പള്ളിപ്പുറത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടിയിരുന്നു. ആ ദിവസങ്ങളില്‍ ജെയ്നമ്മയെ കൊലപ്പെടുത്തി പഴ്സും മരുന്നും വാച്ചും സെബാസ്റ്റ്യന്‍ ചേര്‍ത്തലയിലെ വീട്ടില്‍ അടുപ്പില്‍ കത്തിച്ചെന്നാണ് സംശയം.
കാണാതാകുമ്പോള്‍ ജെയ്നമ്മ 11 പവന് സ്വര്‍ണാഭരണങ്ങള്‍ ധരിച്ചിരുന്നതായാണ് സഹോദരങ്ങള്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇതില്‍ എട്ടര പവന് ചേര്‍ത്തല പള്ളിപ്പുറത്തെ ധനകാര്യ സ്ഥാപനത്തില്‍ ഓട്ടോഡ്രൈവര്‍ മനോജിന്റെ പേരില്‍ പണയം വച്ചതായി വിവരമുണ്ട്. ജെയ്നമ്മയെ കൊലപ്പെടുത്തിയശേഷമായിരിക്കും സഹായിയായ മനോജിനെ ഇതിന് നിയോഗിച്ചതെന്ന് സംശയിക്കുന്നു.
ചേര്‍ത്തലയിലെ വീട്ടുവളപ്പില്‍ കണ്ടെത്തിയ ശരീരാവശിഷ്ടങ്ങളുടെ ഡിഎന്‍എ ഫലം ലഭിക്കാതെ അന്വേഷണം മുന്നോട്ടുനീങ്ങില്ല. സെബാസ്റ്റ്യനുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്ന ചേര്‍ത്തല സ്വദേശികളായ ബിന്ദു, ഐഷ, സിന്ധു എന്നിവരുടെ തിരോധാനത്തിലും ഇയാള്‍ സംശയത്തിലാണ്. കണ്ടെത്തിയ ശരീരഭാഗങ്ങള്‍ ഈ മൂന്നു സ്ത്രീകളില്‍ ആരുടേതെങ്കിലുമാണെങ്കില്‍ ജെയ്നമ്മയുടെ മൃതദേഹം എവിടെ മറവുചെയ്തുവെന്നത് കണ്ടെത്തേണ്ടിവരും.