ചെറുവള്ളി വയലിൽപ്പടിയിൽ മൂന്നു മണിക്കൂറിനിടെ രണ്ട് അപകടം
1582729
Sunday, August 10, 2025 7:03 AM IST
പൊൻകുന്നം: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പൊൻകുന്നം-മണിമല റോഡിൽ ചെറുവള്ളി വയലിൽപ്പടിയിൽ മൂന്നുമണിക്കൂറിനിടെ രണ്ട് അപകടങ്ങൾ. ആർക്കും പരിക്കില്ല. ഇന്നലെ രാവിലെ അഞ്ചിനായിരുന്നു ആദ്യത്തെ അപകടം.
റോഡിൽ ബ്രേക്ക് ചെയ്ത് തെന്നിമാറിയ കാർ റോഡരികിലെ തേക്കുമരത്തിലിടിച്ച് വട്ടം തിരിഞ്ഞ് നിന്നു. കാറിന്റെ ഒരുവശം മരത്തിൽ ഇടിച്ചതിനെത്തുടർന്ന് തകർന്നു. മലപ്പുറത്തുനിന്ന് പത്തനംതിട്ടയ്ക്കു പോകുകയായിരുന്നു യാത്രക്കാർ.
ഇതേസ്ഥലത്ത് പരിസരവാസികൾ രാവിലത്തെ അപകടത്തിൽ തകർന്ന കാറിനരികിൽ നിൽക്കവേയാണ് ബൊലേറോ റോഡിൽനിന്ന് തെന്നിമാറി അപകടത്തിൽപ്പെട്ടത്. ഈ വാഹനത്തിന്റെ മുൻവശം ചെറിയതോതിൽ തകർന്നതൊഴിച്ചാൽ മറ്റ് അപകടമുണ്ടായില്ല. ആൾക്കാർ കൂടിനിൽക്കുന്നിടത്തേക്ക് എത്താതിരുന്നതിനാൽ ദുരന്തമൊഴിവായി. ഇതിലെ യാത്രക്കാർ നെടുമ്പാശേരി എയർപോർട്ടിൽനിന്ന് റാന്നിക്കു പോകുകയായിരുന്നു.
രണ്ടാഴ്ച മുൻപും ഇതേ സ്ഥലത്ത് കാർ റോഡിൽനിന്ന് തെന്നിമാറി റോഡരികിലെ ആഴമുള്ള കാനയുടെ മുകളിലൂടെ കടന്ന് പറമ്പിൽക്കയറി മരത്തിലിടിച്ചാണ് നിന്നത്. മഴസമയത്തായിരുന്നു ഇന്നലത്തെ അപകടം. ഇവിടെ റോഡിന്റെ ചെരിവ് അപകടങ്ങൾക്ക് കാരണമാകുന്നതായി പരിസരവാസികൾ പറഞ്ഞു. സമീപത്തെ ഓടയുടെ അരികിൽ അപകടസൂചനാ തൂണുകളോ ക്രാഷ്ബാരിയറോ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.