ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ ധന്യന്‍ മാര്‍ മാത്യു മാക്കീല്‍ അനുസ്മരണം നാളെ
1582739
Sunday, August 10, 2025 7:08 AM IST
ചങ്ങനാശേരി: ചങ്ങനാശേരി വികാരിയാത്തിന്റെ രണ്ടാമതു മേലധ്യക്ഷനായും പിന്നീട് കോട്ടയം വികാരി അപ്പസ്തോലിക്കയായും ചുമതല നിര്‍വഹിച്ച ധന്യന്‍ മാര്‍ മാത്യു മാക്കീലിന്റെ അനുസ്മരണവും പ്രാര്‍ഥനാശുശ്രൂഷകളും നാളെ രാവിലെ ഏഴിന് അദ്ദേഹത്തിന്റെ കബറിടം സ്ഥിതിചെയ്യുന്ന കോട്ടയം ഇടയ്ക്കാട് സെന്റ് ജോര്‍ജ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍ ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ വിശുദ്ധകുര്‍ബാനയ്ക്കും കബറിടത്തില്‍ ഒപ്പീസിനും മുഖ്യകാര്‍മികത്വം വഹിക്കും.
ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള്‍മാരായ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, മോണ്‍. മാത്യു ചങ്ങങ്കരി, മോണ്‍. സ്കറിയാ കന്യാകോണില്‍, മോണ്‍. ജോണ്‍ തെക്കേക്കര, കോട്ടയം അതിരൂപത വികാരി ജനറാള്‍മാരായ മോണ്‍. തോമസ് ആനിമൂട്ടില്‍, മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട്, ഇടയ്ക്കാട് പള്ളി വികാരി ഫാ. സൈമണ്‍ പുല്ലാട്ട്, രണ്ട് അതിരൂപതകളിലെയും വൈദികര്‍, സന്യസ്തര്‍, അല്മായ പ്രതിനിധികള്‍ എന്നിവര്‍ പങ്കുചേരും.
1896 ഓഗസ്റ്റ് 11 നാണ് മാര്‍ മാത്യു മാക്കീല്‍ ചങ്ങനാശേരി വികാരിയാത്തിന്റെ വികാരി അപ്പസ്തോലിക്കയായി നിയമിതനാകുന്നത്. അദ്ദേഹത്തിന്റെ സ്ഥാനാരോഹണത്തിന്റെ 130-ാം വാര്‍ഷികാചരണ ആരംഭവും 2025 മേയ് 23ന് മാര്‍ മാക്കീല്‍ ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിനു ദൈവസന്നിധിയിലുള്ള കൃതജ്ഞതയര്പ്പണവും എന്ന നിലയിലാണ് ചങ്ങനാശേരി അതിരൂപത ഈ അനുസ്മരണം നടത്തുന്നത്.
ചങ്ങനാശേരി അതിരൂപതാ കൂരിയാംഗങ്ങള്, കോട്ടയം ലൂര്‍ദ് ഫൊറോനാപ്പള്ളി വികാരി ഫാ. ജേക്കബ് വട്ടയ്ക്കാട്ട്, താഴത്തങ്ങാടി തിരുഹൃദയപ്പള്ളി വികാരി ഫാ. ജോസ് തെക്കേപ്പുറം, കൈക്കാരന്മാര്, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുമെന്ന് ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷന്‍സ് വിഭാഗം അറിയിച്ചു.