വിദേശ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്: പ്രതി അറസ്റ്റിൽ
1582742
Sunday, August 10, 2025 7:08 AM IST
ഏറ്റുമാനൂർ: ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. പിറവം തിരുമാറാടി കാക്കൂർ കുഴിവേലിക്കണ്ടത്തിൽ ശരത് ശശി(30) യെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
പട്ടിത്താനം സ്വദേശിയായ യുവതിയിൽനിന്ന് ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് 3,72,000 രൂപ ഇയാൾ വാങ്ങിയെടുത്തശേഷം ജോലി തരപ്പെടുത്തി നൽകാതെ വിശ്വാസവഞ്ചന നടത്തിയെന്നാണ് കേസ്.
ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.എസ്. അൻസലിന്റെ നേതൃത്വത്തിൽ എസ്ഐമാരായ എ.എസ്. അഖിൽദേവ്, ആഷ്ലി രവി, റെജിമോൻ സി.ടി, സീനിയർ സിവിൽ പോലീസ് ഓഫീസർ സുനിൽ കുര്യൻ, സിവിൽ പോലീസ് ഓഫീസർമാരായ വി.കെ. അനീഷ്, അജിത്ത് എം. വിജയൻ എന്നിവർ ചേർന്ന് മലയാറ്റൂരിൽനിന്നാണ് പ്രതിയെ പിടികൂടിയത്.