എരുമേലി കെഎസ്ആർടിസി ബസ് സ്റ്റാൻഡ് സ്ഥലം ഒഴിയാൻ കോടതി ഉത്തരവ്
1582732
Sunday, August 10, 2025 7:03 AM IST
എരുമേലി: കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഒഴിയാൻ പാലാ സബ് കോടതി ഉത്തരവിട്ടു. മൂന്നു മാസത്തിനകം സ്ഥലം ഒഴിഞ്ഞുകൊടുക്കണമെന്നാണ് ഉത്തരവ്. ഇതോടെ സ്ഥലത്തിനു വാടക വാങ്ങിക്കൊണ്ടിരുന്ന ദേവസ്വം ബോർഡും സ്ഥലം കൈവശംവച്ചിരിക്കുന്ന കെഎസ്ആർടിസിയും സ്ഥലത്ത് ജനകീയാസൂത്രണ പദ്ധതിയിൽ കെട്ടിടം നിർമിച്ചു കൊടുത്ത എരുമേലി പഞ്ചായത്തും വെട്ടിലായിരിക്കുകയാണ്.
11ന് യോഗം
വിഷയം ചർച്ചചെയ്യാൻ 11ന് രാവിലെ പത്തിന് എരുമേലി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ യോഗം ചേരുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. കോടതി ഉത്തരവ് സ്റ്റേ ചെയ്യാനുള്ള നിയമനടപടികൾ സംബന്ധിച്ച് യോഗം ചർച്ച ചെയ്യും.
ഉടമ സ്വകാര്യവ്യക്തി
സ്ഥലത്തിന്റെ യഥാർഥ ഉടമ എരുമേലി വികസന സമിതി മുൻ പ്രസിഡന്റും പരേതനുമായ അഡ്വ. പി.ആർ. രാജഗോപാൽ ആണെന്ന് ഇദ്ദേഹത്തിന്റെ ഭാര്യ ഗോപി രാജഗോപാൽ തെളിവുകൾ ഹാജരാക്കി കോടതിയിൽ നൽകിയ ഹർജിയിൽ ദേവസ്വം ബോർഡ്, കെഎസ്ആർടിസി അധികൃതർ എന്നിവരുടെ വാദം കേട്ട ശേഷമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മൂന്നു മാസത്തിനകം സ്ഥലം ഒഴിഞ്ഞ് രാജഗോപാലിന്റെ ഭാര്യക്ക് വിട്ടുകൊടുക്കാനാണ് ഉത്തരവ്.
1977 ൽ തന്റെ ഭർത്താവ് 50 സെന്റ് സ്ഥലം കെഎസ്ആർടിസി ക്ക് വാക്കാൽ അനുവദിച്ചതാണെന്നും ഇതിനു രേഖ നൽകിയിട്ടില്ലന്നും എരുമേലിയിൽ ശബരിമല സീസണിലെ തിരക്കു പരിഹരിക്കാൻവേണ്ടി കെഎസ്ആർടിസി ബസുകൾ പാർക്ക് ചെയ്യുന്നതിന് താത്കാലിക സൗകര്യം എന്ന നിലയിലാണ് പൊതു പ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹം തന്റെ സ്ഥലം നൽകിയതെന്നും എന്നാൽ, പല തവണ തിരികെ സ്ഥലം ആവശ്യപ്പെട്ടിട്ടും വിട്ടുകിട്ടിയില്ല എന്നും ഗോപി രാജഗോപാൽ കോടതിയിൽ അറിയിച്ചു.
അതേസമയം ഈ സ്ഥലം തങ്ങൾക്കു പാട്ടവാടക ആയി തിരുവിതാംകൂർ ദേവസ്വം ബോർഡാണ് നൽകിയതെന്നും വർഷം തോറും ആയിരം രൂപ വീതം പാട്ടത്തുക നൽകുന്നുണ്ടെന്നും ഇതിന് 2029 വരെ കാലാവധി ഉണ്ടെന്നും കെഎസ്ആർടിസി അധികൃതർ കോടതിയിൽ അറിയിച്ചു. എന്നാൽ, സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ദേവസ്വം ബോർഡിനായിട്ടില്ല. ഇതു മുൻനിർത്തിയാണ് സ്ഥലം വിട്ടുകൊടുക്കാൻ കോടതി ഉത്തരവിട്ടത്.
കേരളത്തിലെ ആദ്യ ജനകീയ ഡിപ്പോ
സംസ്ഥാനത്ത് ജനങ്ങൾ നിർമിച്ച ആദ്യ കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്റർ ആണ് എരുമേലിയിലേത്. ഇടയ്ക്കു നഷ്ടം മൂലം അധികൃതർ പൂട്ടിയപ്പോൾ ജനങ്ങൾ ഒറ്റക്കെട്ടായി ദിവസങ്ങളോളം സത്യഗ്രഹം നടത്തി സെന്റർ തുറന്നുപ്രവർത്തിപ്പിക്കുകയായിരുന്നു. ഏതാനും വർഷം മമ്പും സെന്റർ നിർത്താൻ അധികൃതർ ശ്രമിച്ചിരുന്നു. പഞ്ചായത്ത് അംഗങ്ങൾ ചേർന്നാണ് ഈ ശ്രമം തടഞ്ഞത്.
തുടക്കം 27 വർഷം മുമ്പ്
1998 നവംബർ 28 നാണ് സെന്റർ ആരംഭിച്ചത്. ഇതിനായി നേതൃത്വം നൽകിയ പൊതു പ്രവർത്തകരിൽ ടി.പി. തൊമ്മി, ജോബ്കുട്ടി ഡൊമിനിക്, എൻ.ബി. ഉണ്ണികൃഷ്ണൻ, അനന്തൻ, ബഷീർ കറുകഞ്ചേരി എന്നിവർ ഇന്ന് ജീവനോടെയില്ല. ഇവർക്കൊപ്പം പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന വി.പി. സുഗതൻ, സഖറിയ ഡൊമിനിക് ചെമ്പകത്തുങ്കൽ, പി.എ. സലിം, ജോസ് മടുക്കക്കുഴി, പി.എ. ഇർഷാദ്, വി.എസ്. ഷുക്കൂർ, ജോസ് പഴയതോട്ടം, ജയേഷ് തമ്പാൻ തുടങ്ങിയവർ ചേർന്നാണ് സെന്ററിന്റെ തുടക്കം യാഥാർഥ്യമാക്കിയത്. ഗതാഗതവകുപ്പിന്റെയും ദേവസ്വം ബോർഡിന്റെയും മന്ത്രിയായിരുന്ന പി.ആർ. കുറുപ്പാണ് ഉദ്ഘാടനം നിർവഹിച്ചത്.
നാട്ടുകാരുടെ സംഭാവനയും ജീവനക്കാരുടെ സംഘടനയായ എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ഇതര ഡിപ്പോകളിലെ അംഗങ്ങളിൽനിന്നു കൂപ്പൺ പിരിച്ചു തുക സമാഹരിച്ചും കൂടിയാണ് നിർമാണത്തിന് ഫണ്ട് കണ്ടെത്തിയത്.
കോവിഡ് കാലത്തിന് മുൻപ് 29 സർവീസുകൾ വരെ എത്തിയ സ്ഥാനത്ത് ഇപ്പോൾ 24 ഷെഡ്യുളുകൾ ആണ് ഓപ്പറേറ്റ് ചെയ്യുന്നത്. 130 ഓളം ജീവനക്കാരുണ്ട്. ശബരിമല സീസിൽ പമ്പ സ്പെഷ്യൽ സർവീസിൽ മാത്രം ഒന്നരക്കോടി രൂപയോളം ആണ് വരുമാനം നേടിക്കൊണ്ടിരിക്കുന്നത്.