തേങ്ങാവിലയില് നേരിയ കുറവ്; വെളിച്ചെണ്ണയ്ക്കു കുറവില്ല
1582733
Sunday, August 10, 2025 7:04 AM IST
കോട്ടയം: കുതിച്ചുകയറിയ തേങ്ങാവില മെല്ലെ കുറഞ്ഞുതുടങ്ങി. 85-93 രൂപ വരെ എത്തിയ തേങ്ങാവില ഒരാഴ്ചയ്ക്കുള്ളില്‍ 70 രൂപയിലെത്തി. അടുത്തയാഴ്ച 65 രൂപയിലേക്ക് താഴുമെന്നാണ് സൂചന. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാ സംസ്ഥാനങ്ങളില്‍നിന്നുള്ള തേങ്ങാവരവ് വര്‍ധിച്ചതാണ് വിലക്കയറ്റത്തിന് നേരിയ ആശ്വാസമായത്. വില നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പിടിപ്പുകേട് തുടര്‍ന്നാല്‍ ഓണത്തിനു വീണ്ടും വില ഉയരാം.
അതേസമയം വെളിച്ചെണ്ണവിലയില്‍ കുറവൊന്നുമായില്ല. തേങ്ങയ്ക്കും കൊപ്രയ്ക്കും വില കൂടിയ സമയത്ത് ഉത്പാദിപ്പിച്ച് വില്പനയ്ക്കെത്തിച്ച പഴയ സ്റ്റോക്കായതിനാല്‍ ലിറ്ററിന് 450 രൂപയ്ക്കു മുകളിലാണ്. അടുത്തയാഴ്ച വെളിച്ചൈണ്ണ വില 400 രൂപയിലേക്ക് താഴുമെന്ന് വ്യാപാരികള്‍ പറഞ്ഞു. തെങ്ങും തേങ്ങയും കുറഞ്ഞതാണ് ഇത്ര വലിയ ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമായത്.
തെങ്ങില്‍ ചെല്ലിശല്യം വ്യാപകമായതിനാല്‍ തെങ്ങു നടാന്‍ ആരും താത്പര്യപ്പെടുന്നില്ല. ലഭ്യത കുറഞ്ഞതിനാല്‍ പത്തു വര്‍ഷത്തിനിടെ കിലോയ്ക്ക് 68 രൂപയാണ് തേങ്ങാവിലയില് വര്‍ധനവുണ്ടായത്. 2015ല്‍ ചില്ലറവില 25 രൂപയായിരുന്നത് കഴിഞ്ഞ മാസം 93 രൂപ വരെയെത്തി. കഴിഞ്ഞ വര്‍ഷം 60 രൂപവരെ എത്തിയ നാളികേരവില മാര്‍ച്ചിനുശേഷം കുതിച്ചുകയറുകയായിരുന്നു.