മാങ്ങാനത്തും പരിസരപ്രദേശത്തും വ്യാപക മോഷണം
1582740
Sunday, August 10, 2025 7:08 AM IST
കോട്ടയം: മാങ്ങാനത്തും പരിസരപ്രദേശത്തും വ്യാപക മോഷണം. മാങ്ങാനത്ത് പാംസ് വില്ലയിലെ വീട്ടില്‍നിന്ന് അമ്പത് പവന് സ്വര്‍ണം മോഷ്ടിച്ചു. വില്ലയിലെ അടച്ചുകിടന്ന മറ്റു വീടുകളിലും തുരുത്തേല്‍പാലത്തിനു സമീപമുള്ള രണ്ടു വീടുകളിലും മോഷ്ടാക്കളെത്തി. അഞ്ചു പേരടങ്ങുന്ന സംഘത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയാണു മോഷണം അരങ്ങേറിയത്. മാങ്ങാനം പാംസ് വില്ലയിലെ 21-ാം നമ്പര്‍ കോട്ടേജിലാണു മോഷണം നടന്നത്. വില്ലയുടെ വാതില്‍ തകര്‍ത്ത് ഉള്ളില്‍ക്കടന്ന മോഷ്ടാവ് അമ്പത് പവന് സ്വര്‍ണം കവര്‍ന്നു.
ഇന്നലെ പുലര്‍ച്ചെ രണ്ടിനും ആറിനും ഇടയിലാണു മോഷണം നടന്നത്. വില്ലയിലെ താമസക്കാരായ അമ്മയും മകളും രോഗബാധയെത്തുടര്‍ന്നു മാങ്ങാനത്തെ സ്വകാര്യ ആശുപത്രിയില്‍ രാത്രിയില്‍ ചികിത്സയ്ക്കായി പോയിരുന്നു. ഇതിനുശേഷം ഇവര്‍ പുലര്‍ച്ചെ തിരികെയെത്തിയപ്പോഴാണു മോഷണം നടന്ന വിവരം അറിഞ്ഞത്. വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് മോഷ്ടാവ് ഉള്ളില്‍ പ്രവേശിക്കുകയായിരുന്നു.
തുടര്‍ന്നു തൊട്ടടുത്ത മുറിയിലെ അലമാരയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണു കവര്‍ന്നത്. മോഷണം വിവരം വീട്ടുകാര്‍ കോട്ടയം ഈസ്റ്റ് പോലീസിനെ അറിയിക്കുകയായിരുന്നു. ഈസ്റ്റ് പോലീസ്സ്റ്റേഷന് എസ്എച്ച്ഒ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
മാങ്ങാനം തുരുത്തേല്‍ പാലത്തിനു സമീപമുള്ള ആള്‍ത്താമസമില്ലാത്ത വീട്ടിലും രാത്രി മോഷണശ്രമം നടന്നു. പ്രദേശത്തെ വീടുകളില്‍ കയറുന്ന മോഷ്ടാവിന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. തുരുത്തേല്പ്പാലത്തിനുസമീപം ആളില്ലാത്ത വീട് കുത്തിത്തുറന്ന് ഉള്ളില്‍ കയറാനാണു പ്രതി ശ്രമിച്ചിരിക്കുന്നത്. ഈ വീടിന്റെ പുറത്തുനിന്നുള്ള ദൃശ്യമാണ് ലഭിച്ചത്. പോലീസ്, ഫിംഗര്‍ പ്രിന്റ് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന ആരംഭിച്ചു.
പ്രദേശത്ത് മോഷ്ടാക്കളുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം രൂക്ഷമാണെന്നും അടിയന്തരമായി പോലീസ് നടപടിയെടുക്കണമെന്നും നഗരസഭാംഗം ജൂലിയസ് ചാക്കോ ആവശ്യപ്പെട്ടു.