തുരുത്തിയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടു
1582767
Sunday, August 10, 2025 7:23 AM IST
ചങ്ങനാശേരി: എന്‍എച്ച് 183 (എംസി റോഡില്‍) തുരുത്തിയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. തുരുത്തി മിഷന് പള്ളിക്കു സമീപം ഇന്നലെ രാത്രി ഏഴിനാണ് സംഭവം. രണ്ടു പേരാണ് കാറിലുണ്ടായിരുന്നത്. തീ പടര്‍ന്നയുടന്‍ തന്നെ കാറില്‍ ഉണ്ടായിരുന്നവര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി.
സമീപത്തെ വീട്ടുകാര്‍ വെള്ളമൊഴിച്ച് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ കെടുത്താനായില്ല. ചങ്ങനാശേരിയില്‍നിന്നും കോട്ടയത്തുനിന്നും ഫയര്‍ ഫോഴ്സും ചങ്ങനാശേരിയില്‍നിന്നും പോലീസും എത്തിയാണ് തീയണച്ചത്.
പൂവം സ്വദേശി അനൂപും സുഹൃത്തും കോട്ടയത്തേക്കു പോകുമ്പോഴാണ് അപകടം. സംഭവത്തെത്തുടര്‍ന്ന് റോഡില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ബാറ്ററിയുടെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു.