സ്വാതന്ത്ര്യദിനവും തിരുനാളുകളും ഒരുമിച്ച് ആഘോഷിക്കാൻ കുറവിലങ്ങാട് ഇടവക
1582722
Sunday, August 10, 2025 7:03 AM IST
കുറവിലങ്ങാട്: രാജ്യത്തിന്റെ സ്വാതന്ത്ര്യദിനവും ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാളും ഇടവക ദേവാലയത്തിന്റെ കല്ലിട്ടതിരുനാളും ഒരുമിച്ച് ആഘോഷിക്കാൻ കുറവിലങ്ങാട് ഇടവക. ആദ്യനൂറ്റാണ്ടിൽ തുടങ്ങുന്ന ക്രൈസ്തവ പാരമ്പര്യം പേറുന്ന ഇടവകയിൽ കല്ലുകൊണ്ടുള്ള ദേവാലയം നിർമിച്ചത് പതിനാറാം നൂറ്റാണ്ടിലാണ്. ഉദയംപേരൂർ സൂനഹദോസുമായി ബന്ധപ്പെട്ടെത്തിയ ഗോവ ആർച്ച്ബിഷപ് അലക്സിസ് ദേം മേനേസിസാണ് ശിലാസ്ഥാപനം നിർവഹിച്ചത്.
മാതൃഭക്തിയുടെ വിളനിലമെന്ന നിലയിൽ ദൈവമാതാവിന്റെ സ്വർഗാരോപണത്തിരുനാൾ ഇടവകയുടെ വലിയ ആഘോഷമാണ്. വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് സംവഹിക്കുന്ന പ്രദക്ഷിണമെന്നതും ഈ തിരുനാളിന്റെ ഭാഗമാണ്.
ഇടവകയിലെ സാന്തോം സോണിന്റെ നേതൃത്വത്തിലാണ് തിരുനാൾ ആഘോഷം. ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, സാന്തോം സോൺ ഡയറക്ടർ ഫാ. പോൾ കുന്നുംപുറം, കൂടുംബകൂട്ടായ്മാ ജനറൽ ലീഡർ ബോബിച്ചൻ നിധീരി, സോൺ ലീഡർ ഷൈജു പാവുത്തിയേൽ, സെക്രട്ടറി ജോളി ടോമി എണ്ണംപ്രായിൽ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളാണ് ക്രമീകരണങ്ങൾക്കു നേതൃത്വം നൽകുന്നത്.
തിരുനാൾദിനത്തിൽ രാവിലെ 5.20ന് തിരുസ്വരൂപ പ്രതിഷ്ഠ അസി. വികാരി ഫാ. ജോസഫ് ചൂരയ്ക്കലിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കും. തുടർന്ന് 5. 30 ,7.00, 8.45 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന.
2. 45ന് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പ്രത്യേക പേടകത്തിൽനിന്നു പുറത്തെടുത്ത് പരസ്യവണക്കത്തിന് ദേവാലയത്തിൽ പ്രതിഷ്ഠിക്കും. അസി. വികാരി ഫാ .തോമസ് താന്നിമല കാർമികത്വം വഹിക്കും.
4.30ന് ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരിയുടെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന. പാസ്റ്ററൽ അസിസ്റ്റന്റ് ഫാ. ജോസ് കോട്ടയിൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രസുദേന്തി വാഴ്ചയ്ക്ക് അസിസ്റ്റന്റ് വികാരി ഫാ. ആന്റണി വാഴക്കാലായിൽ കാർമികത്വം വഹിക്കും.
ദേവാലയത്തിൽനിന്ന് പള്ളിക്കവലയിലെ ജൂബിലി കപ്പേളയിലേക്ക് പ്രദക്ഷിണം. ജൂബിലി കപ്പേളയിൽ അസി. വികാരി ഫാ. പോൾ കുന്നുംപുറത്തിന്റെ കാർമികത്വത്തിൽ ലദീഞ്ഞ്. ഏഴിന് സീനിയർ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് മണിയഞ്ചിറ സമാപന ആശീർവാദം നൽകും.
കുറവിലങ്ങാട് കരക്കാർക്ക് തിരുനാൾദിവസം പരമ്പരാഗതമായി നൽകുന്ന അവകാശങ്ങൾ കരോട്ടേക്കുന്നേൽ കുടുംബ പ്രതിനിധി ആർച്ച്പ്രീസ്റ്റിൽനിന്ന് ഏറ്റുവാങ്ങും. നേർച്ചവിതരണത്തിനു ശേഷം കോഴക്കോട് സങ്കീർത്തനയുടെ നാടകം.