എൽഡിഎഫിലെത്തിയത് കേരള കോണ്‍ഗ്രസ്-എമ്മിന്റെ നേതാക്കള്‍ മാത്രമെന്ന് സിപിഐ റിപ്പോർട്ട്
1582735
Sunday, August 10, 2025 7:04 AM IST
വൈക്കം: കേരള കോണ്‍ഗ്രസ്-എമ്മിന്റെ നേതാക്കള്‍ മാത്രമാണ് എല്‍ഡിഎഫിലുള്ളതെന്നും അണികള്‍ ഇപ്പോഴും യുഡിഎഫിലാണെന്നും മാണി ഗ്രൂപ്പ് മുന്നണിയിലെത്തിയിട്ടും കാര്യമായ പ്രയോജനം ഇടതു മുന്നണിക്ക് ലഭിച്ചില്ലെന്നും സിപിഐ ജില്ലാ സമ്മേളന റിപ്പോര്‍ട്ട്.
ഇന്നലെ രാവിലെ പ്രതിനിധി സമ്മേളനത്തിനുശേഷം ജില്ലാ സെക്രട്ടറി വി.ബി. ബിനു അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണു കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനെതിരേ ഒളിയമ്പ്. മാണി ഗ്രൂപ്പ് അണികളുടെ മനസും വികാരവും യുഡിഎഫിന് അനുകൂലമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാലക്കാട് ഭൂഗര്ഭജലും ശുദ്ധജലവും ചൂഷണം ചെയ്ത് ബ്രുവറി തുടങ്ങുന്ന സര്‍ക്കാരിനും എക്സൈസ് വകുപ്പിനുമെതിരേ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. പരമ്പരാഗത കള്ളുചെത്ത് വ്യവസായത്തെ സഹായിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാരും മന്ത്രി എം.ബി. രാജേഷും ബ്രൂവറിക്കു പിന്നാലെയാണെന്നും കുറ്റപ്പെടുത്തുന്നു.
സിപിഐയുടെ മന്ത്രിമാരായി കൃഷിമന്ത്രി പി. പ്രസാദും സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്. അനിലുമുണ്ടായിട്ടും നെല്ലുസംഭരണ കാര്യത്തില്‍ വലിയ പരാജയമാണുണ്ടായിരിക്കുന്നത്.ജനങ്ങളുമായി ഏറ്റവും അടുത്തിടപെടുന്ന കൃഷി, സപ്ലൈകോ വകുപ്പുകള്‍ക്ക് ആവശ്യമായ പണം നല്‍കാത്തത് സര്‍ക്കാരിന്റെ കാര്യക്ഷമതയുടെ കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ട്രാവന്‍കൂര്‍ സിമന്റ്സ്, കോട്ടയം ടെക്സ്റ്റയില്‍സ്, കെപിപിഎല്‍, സപ്ലൈകോ എന്നിവിടങ്ങളില്‍ തൊഴിലാളികള്‍ക്കു ശമ്പളമില്ലാത്ത അവസ്ഥയെന്നു മാത്രമല്ല പ്രസ്ഥാനങ്ങൾ തകര്‍ച്ചയിലുമാണ്. കയര്‍, കക്ക, മത്സ്യ മേഖലകളെയും സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും പറയുന്നു.
ജില്ലാ സെക്രട്ടറിയുടെ റിപ്പോര്ട്ടിന്മേല് ഗ്രൂപ്പു ചര്‍ച്ചകള്‍ക്കുശേഷം ഇന്നലെ വൈകുന്നേരത്തോടെ പൊതുചര്‍ച്ച ആരംഭിച്ചു. പൊതു ചര്‍ച്ചയിലും മേല്‍ വിഷയങ്ങളില്‍ പ്രതിനിധികള്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ഇന്നു രാവിലെയും പൊതുചര്‍ച്ച തുടരും. വൈകുന്നേരം നേതാക്കളുടെ മറുപടിക്കുശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത് സമ്മേളനം അവസാനിക്കും.