കേരള സംസ്കാര പഠനം: ജപ്പാന് വിദ്യാര്‍ഥിസംഘം എസ്ബി കോളജില്‍
1583109
Monday, August 11, 2025 7:22 AM IST
ചങ്ങനാശേരി: കേരളത്തിന്റെ സംസ്കാരവും വൈജ്ഞാനിക പാരമ്പര്യവും നേരിട്ടറിയാന്‍ ജപ്പാനിലെ സോഫിയ സര്‍വകലാശാലയില്‍നിന്നുള്ള വിദ്യാര്‍ഥി സംഘം എസ്ബി കോളജിലെത്തി. സെന്റ് ബര്‍ക്ക്മാന്‍സ് കോളജും അസംപ്ഷന്‍ കോളജും സംയുക്തമായി സോഫിയ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കേരള സ്റ്റഡി പ്രോഗ്രാം 2025ന്റെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ കോളജില്‍ എത്തിയത്. 14 വരെ നീളുന്ന പഠന പരിപാടിയുടെ ഭാഗമായി കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, പാരിസ്ഥിതിക വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനമാണ് വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
കോളജിലെത്തിയ ജപ്പാന് സംഘത്തെ പ്രിന്‍സിപ്പല്‍ റവ.ഡോ. ടെഡി കാഞ്ഞൂപ്പറമ്പിലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് നടന്ന അക്കാദമിക സെഷനുകള്‍ക്ക് കോളജിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലെ അധ്യാപകര്‍ നേതൃത്വം നല്കി.
കേരളത്തിന്റെ സവിശേഷമായ പാരിസ്ഥിതിക പ്രാധാന്യം, കുട്ടനാടിന്റെ കാലാവസ്ഥാ വ്യതിയാനങ്ങള്‍, തനത് ഭക്ഷണ സംസ്കാരം, ആയുര്‍വേദത്തിന്റെ പ്രാധാന്യം, കേരളത്തിന്റെ വികസന മാതൃക, നവോത്ഥാന ചരിത്രം തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കായി ക്ലാസുകള്‍ സംഘടിപ്പിച്ചു. ഡോ. രഞ്ജിത് തോമസ്, ഡോ. നിഥിന് വര്‍ഗീസ്, ജോര്‍ജ് മാത്യു, ഡോ. ജോര്‍ജ് ജോര്‍ജ് എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.