അന്നമോള്‍ക്ക് സ്കൂളും നാടും ഇന്ന് അന്ത്യാഞ്ജലിയേകും
1583101
Monday, August 11, 2025 7:22 AM IST
പാലാ: ചേതനയറ്റ ശരീരമായി അന്നമോള് ഇന്ന് അവസാനമായി സ്കൂളിലെത്തും. നൂറുകണക്കിന് പനിനീര് പുഷ്പങ്ങള്‍കൊണ്ട് പ്രിയപ്പെട്ട സഹപാഠികള്‍ കുഞ്ഞുമാലാഖയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കും.
മുണ്ടാങ്കലിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ മരിച്ച പാലാ സെന്റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി അല്ലപ്പാറ പാലക്കുഴക്കുന്നില് സുനിലിന്റെ മകള്‍ അന്നമോളുടെ ഭൗതികശരീരം ഇന്നു രാവിലെ 8.30 ഓടെ സ്കൂളിലെത്തിക്കും.
തങ്ങളുടെ പ്രിയ കൂട്ടുകാരിയുടെ വേര്‍പാട് സഹപാഠികളെയും അധ്യാപകരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അന്നമോള്‍ക്ക് അന്ത്യയാത്ര നല്കാന് സ്കൂളില്‍ തയാറെടുപ്പുകള്‍ പൂര്‍ത്തിയായി. അധ്യാപകരും വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും അന്തിമോപചാരം അർപ്പിക്കും.
സ്കൂളിലെ ചടങ്ങുകള്‍ക്കു ശേഷം 9.30ഓടെ മൃതദേഹം അല്ലപ്പാറയിലുള്ള വസതിയിലും തുടര്‍ന്ന് 11 മുതല്‍ പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളി പാരിഷ് ഹാളിലും പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരശുശ്രൂഷകള്‍ 12ന് പള്ളിയില്‍ നടക്കും.