വെള്ളക്കെട്ടില്‍ വലഞ്ഞ് രാമപുരം എസ്എച്ച് ഗേള്‍സ് സ്കൂള്‍ വിദ്യാര്‍ഥികള്‍
1582875
Sunday, August 10, 2025 11:33 PM IST
രാമപുരം: എസ്എച്ച് ഗേള്‍സ് ഹൈസ്കൂളിന് മുന്പിലെ വെള്ളക്കെട്ടുമൂലം വിദ്യാര്‍ഥികളും അധ്യാപകരും വലയുന്നു. ചെറുതായി ഒരു മഴ വന്നാല്‍ റോഡിന് സൈഡില്‍ കൂടെ മാത്രമല്ല റോഡിന് നടുവിലൂടെ പോലും നടക്കാന്‍ വയ്യാത്ത സാഹചര്യമാണുള്ളത്.
മഴക്കാലം ആരംഭിക്കുമ്പോള്‍ തുടങ്ങുന്ന വെള്ളക്കെട്ട് ചെളിയും തെന്നലും ഒക്കെയായി തുടരും. മഴ വന്നാല്‍ റോഡ് തോടാകുമെന്ന് നാട്ടുകാര്‍ പറയുന്നു.
കുറിഞ്ഞി, പിഴക്, രാമപുരം ഭാഗങ്ങളില്‍നിന്നു വരുന്ന റോഡുകള്‍ ഒന്നിച്ചുചേരുന്ന സ്ഥലമാണിത്. അമിതവേഗത്തില്‍ എത്തുന്ന വാഹനങ്ങള്‍ വിദ്യാര്‍ഥികളുടെ ദേഹത്തേക്ക് വെള്ളം തെറിപ്പിക്കുന്നത് പതിവാണ്. വെള്ളക്കെട്ട് ഒഴിവാക്കാനായി വിദ്യാർഥികൾ റോഡിലേക്കു കയറുന്നത് അപകടഭീഷണി വർധിപ്പിക്കുകയാണ്. വൈദ്യുതിപോസ്റ്റുകളില്നിന്നു വലിച്ചുകെട്ടിയിരിക്കുന്ന സ്റ്റേ കമ്പികളും ഈ വെള്ളക്കെട്ടില്‍ തന്നെയാണുള്ളത്.
എത്രയും വേഗം അധികാരികളുടെ ശ്രദ്ധ ഈ വിഷയത്തില്‍ ഉണ്ടാകണമെന്ന് രക്ഷിതാക്കളും അധ്യാപകരും ആവശ്യപ്പെട്ടു.