കൊഴുവനാല്‍ അഗ്രി ഫെസ്റ്റ് 15ന്
1582871
Sunday, August 10, 2025 11:33 PM IST
പാലാ: കത്തോലിക്ക കോണ്‍ഗ്രസ് കൊഴുവനാല്‍ യൂണിറ്റും സ്വാശ്രയസംഘവും പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ 15ന് കൊഴുവനാല്‍ അഗ്രി ഫെസ്റ്റ് നടത്തും. അഗ്രിമ സെന്‍ട്രല്‍ കാര്‍ഷിക നഴ്സറിയുടെ സഹകരണത്തോടെ രാവിലെ ആറിന് ആരംഭിക്കുന്ന അഗ്രിഫെസ്റ്റില്‍ നാടന്‍, വിദേശ ഫലവൃക്ഷത്തൈകളും പച്ചക്കറികളും സ്വന്തമാക്കാന്‍ ആളുകള്‍ക്ക് അവസരമുണ്ട്.
ശ്രീലങ്കന്‍ തെങ്ങിന് തൈകള്‍, മങ്കുവ കൊക്കോത്തൈകള്‍, മറയൂര്‍ ചന്ദനത്തൈകള്‍ അടക്കം 101ല്‍ പരം സ്വദേശ, വിദേശ ഫലപുഷ്പത്തൈകള്, ഹൈബ്രിഡ് പച്ചക്കറിത്തൈകള്‍, ജൈവ വളങ്ങള്‍, പൂച്ചെടികള്‍, ഇലച്ചെടികള്‍, ചെടിച്ചട്ടികള്‍, ജൈവവളങ്ങള്‍, കീടനാശിനികള്‍ തുടങ്ങി ഓരോ വീടുകളിലും അടുക്കളത്തോട്ടം മുതല്‍ കാര്ഷികനഴ്സറിവരെ ഒരുക്കാനാവശ്യമായ എല്ലാ ഘടകങ്ങളും ചേര്‍ത്താണ് അഗ്രി ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
രാവിലെ 6.30ന് അഗ്രി ഫെസ്റ്റിന്റെ ഉദ്ഘാടനം ഫൊറോന വികാരി ഫാ. ജോസ് നെല്ലിക്കത്തെരുവില്‍ നിര്‍വഹിക്കും. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍ ആദ്യ വില്പന നിര്‍വഹിക്കും.
ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന കാര്‍ഷിക സെമിനാറിന് ജില്ലാ അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സ്നേഹലത മാത്യൂസ് നേതൃത്വം നൽകും. വൈകുന്നേരം 5.30 വരെ അഗ്രി ഫെസ്റ്റിന്റെ ഭാഗമായുള്ള പ്രദര്‍ശന-വിപണനമേള ഉണ്ടായിരിക്കും.