ഇതു നടപ്പാലമല്ല, കെണിപ്പാലം
1583127
Monday, August 11, 2025 11:37 PM IST
കൊല്ലപ്പള്ളി: കൊല്ലപ്പള്ളി-മേലുകാവ് റോഡില്‍ ഓട നിര്‍മാണത്തിന്റെ ഭാഗമായി സ്ഥാപിച്ച താത്കാലിക പാലം അപകടക്കെണിയായി. ഞായറാഴ്ച വൈകുന്നേരം പാലം ഒടിഞ്ഞുവീണ് ഒരാൾക്കു പരിക്കേറ്റു.
കവലവഴിമുക്കിനും കടനാട് പുളിഞ്ചുവട് കവലയ്ക്കും മധ്യേ പണിയുന്ന കലുങ്കില്‍ താത്കാലികമായി നിര്‍മിച്ച തടിപ്പാലമാണ് നാട്ടുകാർക്കു പേടിസ്വപ്നമായത്. ആദ്യം ഇട്ട തടിപ്പാലം ഒടിഞ്ഞതിനെത്തുടർന്ന് ഇന്നലെ പുതിയ തടിപ്പാലം സ്ഥാപിച്ചു.
പതിനഞ്ചോളം വീട്ടുകാര്‍ ഉപയോഗിക്കുന്ന റോഡില്‍ താത്കാലികമായി സ്ഥാപിച്ച പാലമാണ് ഒരു ദിവസത്തിനുള്ളില്‍ തകര്‍ന്നത്. പഴകി ദ്രവിച്ച തടിയാണ് പാലത്തിനായി ഉപയോഗിച്ചത്. ഇതിൽ കയറിയ നാട്ടുകാരനായ ഉന്നത എക്സൈസ് ഉദ്യോഗസ്ഥനാണ് പാലത്തടി ഒടിഞ്ഞുവീണു പരിക്കേറ്റത്. നാലു തടികള്‍ക്കു മീതെ പലകയും ആണിയും ഉപയോഗിച്ചു നിര്‍മിച്ച നടപ്പാലത്തിന്റെ ഒരു തടി ഒടിഞ്ഞുവീഴുകയായിരുന്നു.
ആശുപത്രിയില്‍ ചികിത്സ തേടിയ ഇദ്ദേഹത്തിന് കൈക്കു മൂന്നു പൊട്ടലുണ്ട്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്കയോടെയാണ് ഈ പാലത്തിൽ കയറുന്നത്.