സെന്റ് ഡൊമിനിക്സ് കത്തീഡ്രല്‍ ഇടവക സ്ഥാപനത്തിന്റെ ദ്വിശദാബ്ദി ജൂബിലി ആഘോഷങ്ങള്‍ക്ക് പ്രൗഢോജ്വല സമാപനം
1582870
Sunday, August 10, 2025 11:33 PM IST
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കത്തീഡ്രല്‍ ഇടവക സ്ഥാപനത്തിന്റെ ദ്വിശദാബ്ദി ജൂബിലി ആഘോഷ സമാപനം പ്രൗഢോജ്വലമായി. സമാപന ദിനമായ ഇന്നലെ നടന്ന വിശുദ്ധ കുര്‍ബാനയിലും സമ്മേളനത്തിലും പങ്കെടുത്തത് ആയിരങ്ങളാണ്.
രാവിലെ ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കി. തുടര്‍ന്നു നടന്ന സമാപന സമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. ബിഷപ് മാര്‍ ജോസ് പുളിക്കല്‍, മാര്‍ മാത്യു അറയ്ക്കല്‍, റവ.ഡോ. കുര്യൻ താമരശേരി തുടങ്ങിയവർ പ്രസംഗിച്ചു.
1825 ഓഗസ്റ്റ് നാലിനാണ് വിശുദ്ധ ദുമ്മിനിങ്കോസിന്റെ (വിശുദ്ധ ഡൊമിനിക്) നാമത്തിൽ പുത്തന്പള്ളിയെന്ന് അറിയപ്പെടുന്ന പള്ളി സ്ഥാപിച്ചത്. കത്തീഡ്രലിന്റെ ദ്വിശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. ഒരാഴ്ച നീണ്ടുനിന്ന സമാപനാഘോഷങ്ങൾ വർണാഭമായ വിളംബര റാലിയോടെയാണ് ആരംഭിച്ചത്.
സാംസ്കാരിക സമ്മേളനം, കത്തീഡ്രലിന്റെ ഭാഗമായിരുന്ന ഇടവകകളുടെ സംഗമം, കുടുംബ സംഗമം, ഇടവകയിലെ കൂട്ടായ്മകളുടെ സംഗമം, കാരുണ്യ ഭവനങ്ങളുടെ സംഗമം, പ്രാർഥനാദിനം, വൈദിക-സന്യസ്ത സംഗമം തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികൾ ജൂബിലി സമാപനത്തോടനുബന്ധിച്ചു നടന്നിരുന്നു.