പ്രതിഷേധം അടിസ്ഥാനരഹിതമെന്ന്
1583129
Monday, August 11, 2025 11:37 PM IST
പാറത്തോട്: റോഡുപണി വൈകുന്നതിനെതിരേ പാറത്തോട് പഞ്ചായത്തിലെ കുന്നുംഭാഗം നിവാസികള്‍ ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.
15-ാം വാര്‍ഡില്‍ കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുന്നുംഭാഗം റോഡ് നവീകരണത്തിനായി പത്തു ലക്ഷം രൂപ പഞ്ചായത്തില്‍നിന്ന് അനുവദിച്ചിരുന്നു. റോഡിന്റെ കയറ്റം കുറച്ച് സൈഡ് കോണ്‍ക്രീറ്റ് ചെയ്ത് റോഡ് നവീകരിക്കാനാണ് തുക വകയിരുത്തിയത്. കരാറുകാരന് സമയബന്ധിതമായി പണി പൂര്‍ത്തിയാക്കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ പ്രവൃത്തി അടിയന്തരമായി തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ജിനിയറിംഗ് വിഭാഗത്തില്‍ ഉദ്യോഗസ്ഥരുടെ കുറവുമൂലം പല പ്രവൃത്തികളും സമയബണ്ഡിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുന്നുണ്ട്.
കുന്നുംഭാഗം റോഡിന്റെ പണികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടികള്‍ പഞ്ചായത്ത് ഭരണസമിതി സ്വീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തുന്നവര്‍ക്കെതിരേയും കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയവര്ക്കെതിരേയും നിയമനടപടികള്‍ സ്വീകരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
പത്രസമ്മേളനത്തില്‍ മെംബര്‍മാരായ ജോണിക്കുട്ടി മഠത്തിനകം, വിജയമ്മ വിജയലാല്‍, കെ.എ. സിയാദ്, ഡയസ് കോക്കാട്ട് എന്നിവരും പങ്കെടുത്തു.