ദേവഹരിതം പദ്ധതിക്കു തുടക്കം
1582876
Sunday, August 10, 2025 11:33 PM IST
പൂഞ്ഞാര്‍: ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ദേവഹരിതം പദ്ധതിക്ക് പൂഞ്ഞാര്‍ കോയിക്കല്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മധുരമീനാക്ഷി ദേവീക്ഷേത്രത്തില്‍ തുടക്കമായി. നവകേരളം കര്‍മപദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ആരാധനാലയങ്ങളുടെ പരിസരപ്രദേശങ്ങളുടെ സംരക്ഷണത്തിനും പച്ചപ്പ് വര്‍ധിപ്പിക്കുന്നതിനും വേണ്ടിയുള്ള പദ്ധതിയാണ് ദേവഹരിതം. പൂഞ്ഞാർ എസ്എംവി ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെയും എടിഎം പബ്ലിക് ലൈബ്രറിയുടെയും സഹകരണത്തോടെയാണ് മധുരമീനാക്ഷി ദേവീക്ഷേത്രത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. ചന്ദനം, ചെത്തി, തുളസി, മന്ദാരം, പിച്ചകം, കമണ്ഡലു തുടങ്ങി വിവിധതരത്തിലുള്ള സസ്യങ്ങളാണ് ക്ഷേത്ര പരിസരപ്രദേശങ്ങളില്‍ നട്ടുപിടിപ്പിക്കുന്നത്. കൂടാതെ ചെമ്പരത്തി ഉപയോഗിച്ച് ജൈവവേലിയും നിര്‍മിക്കുന്നുണ്ട്.
പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തംഗം രമാ മോഹന്‍, നവകേരളം കര്‍മപദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍.എസ്. ഷൈന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം ബി. രമേഷ് വെട്ടിമറ്റം, പരിസ്ഥിതി പ്രവര്ത്തകന് എബി ഇമ്മാനുവല്‍, പ്രഫ. സുധ വര്‍മ, ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍ വിഷ്ണു പ്രസാദ്, ഹെഡ്മിസ്ട്രസ് എ.ആര്. അനുജ വര്‍മ, സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്. ജയശ്രീ, എടിഎം പബ്ലിക് ലൈബ്രറി സെക്രട്ടറി വി.കെ. ഗംഗാധരന് എന്നിവര്‍ പങ്കെടുത്തു.