കാലാവസ്ഥാവ്യതിയാന ആഘാതം വിദ്യാഭ്യാസത്തിലും
1582880
Sunday, August 10, 2025 11:33 PM IST
കോട്ടയം: കാലാവസ്ഥാവ്യതിയാനം അടുത്ത കാലത്തായി പഠനവും അലങ്കോലമാക്കുകയാണ്. പെരുമഴയും വെള്ളപ്പൊക്കവും കാരണം ജൂണ്‍-ജൂലൈ മാസങ്ങളില്‍ നഷ്ടമായത് ആറ് അധ്യയന ദിനങ്ങള്‍. കോട്ടയം, കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലകളില്‍ നഷ്ടമായത് എട്ട് ദിനങ്ങള്‍. ദുരിതാശ്വാസ ക്യാമ്പുകളായി മാറ്റിയ സ്കൂളുകള്‍ക്ക് നഷ്ടമായത് 15 ദിവസത്തെ അധ്യയനം.
ഓണപ്പരീക്ഷ 20 മുതല്‍ 27 വരെ നടക്കാനിരിക്കെ ഈ ടേമിലെ പാഠങ്ങള്‍ അധ്യാപകര്‍ക്ക് ഓടിച്ചുവിടേണ്ട സ്ഥിതിയാണ്. ചില അധ്യാപകര്‍ ക്ലാസ് നോട്ടുകള്‍ കുട്ടികള്‍ക്ക് വാട്സ് ആപ്പിലും ഇ മെയിലിലും നല്കുന്നു. എസ്എസ്എല്‍സി, പ്ലസ് ടു കുട്ടികള്‍ക്ക് സ്പെഷല്‍ ക്ലാസുകള്‍ നടത്തിയും രാവിലെയും വൈകുന്നേരവും അധികസമയം പഠിപ്പിച്ചുമാണ് പാഠങ്ങള്‍ സമയബന്ധിതമായി തീര്‍ക്കുന്നത്. ഒന്നാം ടേം പരീക്ഷ പൂര്‍ത്തിയാക്കി ഓഗസ്റ്റ് 29-ന് സ്കൂളുകള്‍ അടയ്ക്കും.
സെപ്റ്റംബര്‍ എട്ടിന് തുറക്കും. ഓണാവധിക്കാലത്ത് സ്പെഷല്‍ ക്ലാസുകള്‍ക്ക് അനുമതിയില്ല.
ഡിസംബര്‍ 11 മുതല്‍ 18 വരെയാണ് ക്രിസ്മസ് പരീക്ഷ. ഡിസംബര്‍ 19-ന് അടച്ച് 29-ന് തുറക്കും.
പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷ 2026 ജനുവരി 22-നും പ്ലസ് വണ്‍, പ്ലസ്ടു മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 16 മുതല്‍ 23 വരെയും നടക്കണം. വാര്‍ഷികപരീക്ഷ മാര്‍ച്ച് രണ്ടുമുതല്‍ 30 വരെയാണ്. മധ്യവേനലവധിക്കായി മാര്‍ച്ച് 31-ന് സ്കൂളുകള്‍ അടയ്ക്കുകയും വേണം.
വിദ്യാഭ്യാസ കലണ്ടര്‍പ്രകാരം പൊതുവിദ്യാലയങ്ങളില്‍ യുപി വിഭാഗത്തില്‍ 200 അധ്യയനദിനങ്ങളും ഹൈസ്കൂളില്‍ 204 അധ്യയനദിനങ്ങളുമുണ്ട്. എല്‍പിയില്‍ 198 അധ്യയനദിവസങ്ങളും നിശ്ചയിച്ചിട്ടുണ്ട്. യുപിക്ക് രണ്ട് ശനിയും ഹൈസ്ക്കൂളിന് ആറ് ശനിയും പ്രവൃത്തിദിനമായിരിക്കും.