എരുമേലിയിലെ കെഎസ്ആർടിസിയെ മാറ്റും; അപ്പീൽ നൽകുമെന്ന് എംഎൽഎ
1583132
Monday, August 11, 2025 11:37 PM IST
എരുമേലി: കെട്ടിടം ദുർബലമായി അപകടത്തിലാണെന്നതു മുൻനിർത്തി എരുമേലിയിലെ കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്റർ ഇത്തവണത്തെ ശബരിമല സീസണിന് മുമ്പ് അനുയോജ്യമായ സ്ഥലം കണ്ടെത്തി മാറ്റി സ്ഥാപിക്കാൻ തീരുമാനം.
ഓപ്പറേറ്റിംഗ് സെന്റർ ഉൾപ്പെട്ട സ്ഥലം സ്വകാര്യ വ്യക്തിക്കു മൂന്നു മാസത്തിനകം ഒഴിഞ്ഞു കൊടുക്കണമെന്ന പാലാ സബ് കോടതിയുടെ വിധി സ്റ്റേ ചെയ്യാൻ വേണ്ടി അപ്പീൽ ഹർജി ജില്ലാ കോടതിയിൽ നൽകാനും തീരുമാനിച്ചു. ഇന്നലെ എരുമേലി പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനങ്ങൾ.
പൊളിച്ചുപണിയണം
കോടതിവിധിക്കെതിരേ അപ്പീൽ ഹർജി സമർപ്പിക്കാൻ കെഎസ്ആർടിസി പൊൻകുന്നം എടിഒയെ ചുമതലപ്പെടുത്തിയെന്നും ഈ ഹർജിയിൽ ദേവസ്വം ബോർഡിനോടു കക്ഷി ചേരണമെന്നു നിർദേശിച്ചിട്ടുണ്ടെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യോഗത്തിൽ അറിയിച്ചു.
കോടതിവിധി പ്രകാരമല്ല ഓപ്പറേറ്റിംഗ് സെന്റർ ഒഴിയാൻ തീരുമാനിച്ചതെന്നും സെന്ററിലെ കെട്ടിടം അപകടത്തിലായതിനാലാണെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേറ്റിംഗ് സെന്റർ കെട്ടിടം തകർച്ചയിലും അപകടത്തിലുമാണ്. അറ്റകുറ്റപ്പണികൊണ്ടു ഗുണമില്ലെന്നും പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമിക്കുന്നതാണ് ഉത്തമമെന്നും പൊതുമരാമത്ത്, ദേവസ്വം, ഗതാഗത വകുപ്പുകളിലെ എൻജിനിയർ വിഭാഗം ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയിരുന്നു.
സ്ഥലം ഒഴിയില്ല
പഴയ കെട്ടിടം പൊളിച്ചുമാറ്റി സെന്ററിൽ പുതിയ കെട്ടിടം നിർമിക്കണമെങ്കിൽ നിലവിലുള്ള കോടതിവിധി മൂലം കഴിയില്ലന്നു യോഗം വിലയിരുത്തി. അതേസമയം, ഈ സ്ഥലം സ്വകാര്യ വ്യക്തിയുടെ സ്വന്തമാണെന്നുള്ള അവകാശവാദം അംഗീകരിക്കാനാവില്ലെന്ന് എംഎൽഎ പറഞ്ഞു. അതുകൊണ്ടുതന്നെ സ്ഥലം ഒഴിഞ്ഞുകൊടുക്കാനാവില്ല.
കേരളത്തിൽ ആദ്യമായി ജനകീയാസൂത്രണ പദ്ധതിയിലൂടെ 1998ൽ ജനങ്ങൾ നിർമിച്ച കെട്ടിടമാണ് ഓപ്പറേറ്റിംഗ് സെന്റർ എന്നിരിക്കേ അന്നൊന്നും ഉന്നയിക്കാത്ത തർക്കവും അവകാശവാദവും ഇപ്പോൾ എങ്ങനെ അംഗീകരിക്കാനാകുമെന്ന് എംഎൽഎ ചോദിച്ചു. വര്‍ഷങ്ങളായി ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമിയിലാണ് സെന്റർ പ്രവർത്തിക്കുന്നത്. ഇത് അന്യാധീനപ്പെടാനോ നഷ്ടപ്പെടാനോ അനുവദിക്കില്ലെന്നും എല്ലാ നിയമനടപടികളും ഇതിനായി സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി, ബ്ലോക്ക് അംഗം ടി.എസ്. കൃഷ്ണകുമാര്‍, ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് എൻജിനിയർ ഹാരീഷ്, കെഎസ്ആര്‍ടിസി ഡിടിഒ എസ്. രമേശ്, പൊൻകുന്നം എടിഒ എസ് . അനില്‍കുമാര്‍, സെന്റർ ചാര്‍ജ് ഓഫീസർ ഷാജി കെ. പാലക്കാട്ട്, എഡിഇ ഗിരീഷ്, സൂപ്രണ്ട് രജനിമോള്‍, ഓവര്‍സിയര്‍ കിരണ്‍ എന്നിവരും പഞ്ചായത്ത് അംഗങ്ങളും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
സ്ഥലം കണ്ടെത്താൻ നിർദേശം
ഓപ്പറേറ്റിംഗ് സെന്റർ മാറ്റാൻ അനുയോജ്യമായ സർക്കാർ സ്ഥലമോ സ്വകാര്യ സ്ഥലമോ കണ്ടെത്താൻ കെഎസ്ആർടിസിക്കും പഞ്ചായത്തിനും യോഗത്തിൽ ചുമതല നൽകി.
അനുയോജ്യമായ സ്ഥലം ലഭിക്കുന്നതോടെ സെന്റർ മാറ്റുന്നതിനു സർക്കാർ അനുമതി തേടും. ഇതിനായി ദേവസ്വം, ഗതാഗതമന്ത്രിമാരുടെ സാന്നിധ്യത്തിൽ ഉന്നതതല യോഗം തിരുവനന്തപുരത്തു ചേരുമെന്നും സ്വകാര്യ ഭൂമിയാണ് കിട്ടുന്നതെങ്കിൽ വാടക നൽകുന്നത് സംബന്ധിച്ച് ഈ യോഗത്തിൽ ചർച്ച ചെയ്തു തീരുമാനിക്കുമെന്നും എംഎൽഎ പറഞ്ഞു.
യോഗത്തിനു ശേഷം എംഎൽഎയുടെ നേതൃത്വത്തിൽ ഓപ്പറേറ്റിംഗ് സെന്ററിന്റെ ശോചനീയാവസ്ഥ സന്ദർശിച്ചു വിലയിരുത്തി. സെന്ററിൽ യോഗം ചേർന്നു ബസ് സർവീസുകൾ കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു.