പുലർച്ചെ വീടിനുള്ളിൽ കയറിയ ഇതര സംസ്ഥാനക്കാരനെ പിടികൂടി
1583102
Monday, August 11, 2025 7:22 AM IST
വെള്ളൂർ: രാത്രി വീടിനുള്ളിൽ കയറിയ ഇതര സംസ്ഥാനക്കാരനെ നാട്ടുകാർ പിടികൂടി പോലീസിനു കൈമാറി. കഴിഞ്ഞ ദിവസം പുലർച്ചെ ഇറുമ്പയം കല്ലുവേലി ഭാഗത്ത് റിട്ടയേർഡ് കെഎസ്ആർടിസി ഡ്രൈവർ രാജേന്ദ്രന്റെ വീട്ടിൽ കയറിയ അസം സ്വദേശിയായെയാണ് ഗൃഹനാഥൻ ഫോണിൽ വിളിച്ച് അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ആർ. ഷാജിയും സുഹൃത്തുക്കളും ചേർന്ന് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയത്.
രാത്രി ഒന്നിനു ശേഷം ട്രൗസർ മാത്രം ധരിച്ച് വീട്ടിനുള്ളിൽ കയറിയ നാൽപ്പതുകാരനെ ഏറെ പണിപ്പെട്ടാണ് നാട്ടുകാർ കീഴ്പ്പെടുത്തിയത്.
വെള്ളൂർ എസ് ഐ ശിവദാസന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. തിരുട്ടുഗ്രാമത്തിലെ മോഷ്ടാക്കൾ വെളളൂരിൽ ഭീതിപരത്തി മോഷണം നടത്തിയത് ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു.
വെള്ളൂർ പഞ്ചായത്ത് അധികൃതരും പോലീസും വെള്ളൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പരിശോധന നടത്തി രേഖകൾ പരിശോധിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എ.ആർ.ഷാജി ആരോപിച്ചു.