വാഴൂരിലെ വയോജനങ്ങൾ വാഗമണ്ണിൽ
1582869
Sunday, August 10, 2025 11:33 PM IST
വാഴൂർ: ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ വയോജന വിനോദയാത്രയുടെ ഭാഗമായി 16 വാർഡിൽ നിന്നുള്ള വയോജനങ്ങൾ വാഗമൺ സന്ദർശിച്ചു ജനകീയാസൂത്രണ പദ്ധതിയിൽ വയോജനങ്ങൾക്കുള്ള പ്രത്യേക പദ്ധതി പ്രകാരമാണ് വിനോദയാത്ര സംഘടിപ്പിച്ചത്.
ഒരു വാർഡിൽനിന്ന് ഒരു ബസാണ് വിനോദയാത്രയ്ക്ക് ക്രമീകരിച്ചിരുന്നത്. രാവിലെ 8.30ന് പഞ്ചായത്ത് ഓഫീസിന് മുമ്പിൽനിന്നു യാത്ര ആരംഭിച്ചു. വാഗമൺ, പരുന്തുംപാറ എന്നിവിടങ്ങളിലെ സന്ദർശനത്തിനു ശേഷം രാത്രി എട്ടോടെ തിരികെ കൊടുങ്ങൂരിലെത്തി.
എല്ലാ വാഹനങ്ങളിലും ഭക്ഷണവും വെള്ളവും ക്രമീകരിച്ചിരുന്നു. 500 വയോജനങ്ങളും 75 വോളണ്ടിയർമാരുമുണ്ടായിരുന്നു. രണ്ടാം തവണയാണ് വാഴൂർ ഗ്രാമപഞ്ചായത്ത് വയോജന വിനോദയാത്ര സംഘടിപ്പിച്ചത്. ആദ്യതവണ 600 വയോജനങ്ങളുമായി കൊച്ചി മെട്രോയും വാട്ടർ മെട്രോയും സന്ദർശിച്ചിരുന്നു. വയോജന ക്ഷേമത്തിന്റെ ഭാഗമായി വയോജന കലോത്സവം, വയോജനങ്ങൾക്ക് പകൽവീട് തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ പഞ്ചായത്ത് സംഘടിപ്പിച്ചിരുന്നു.