ചൂട്ടുവേലി ജംഗ്ഷനില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു
1583092
Monday, August 11, 2025 7:10 AM IST
കോട്ടയം: എംസി റോഡിലെ ചൂട്ടുവേലി ജംഗ്ഷനില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നു പെരുമ്പാവൂരില്‍നിന്നു തിരുവനന്തപുരം ഭാഗത്തേക്കു പോകുകയായിരുന്ന ലോറി മുന്നില്‍ പോയ കാറിലും കാര്‍ മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും വാഹനങ്ങള്‍ മാറ്റാന്‍ വൈകിയതിനാൽ വന്‍ ഗതാഗതക്കുരുക്കുണ്ടായി. പോലീസ് സ്ഥലത്തെത്താന്‍ വൈകിയതായും പരാതിയുണ്ട്.
ലോറി സ്കൂട്ടറിനെ മറികടക്കുമ്പോള്‍ മുന്നിലുണ്ടായിരുന്ന കാറില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ടു പോയി കറങ്ങിയ കാര്‍ തിരിഞ്ഞു വീണ്ടും ലോറിയുടെ മുന്നില്‍ ഇടിച്ചുനിന്നു. ഇതിനിടെ എതിര്‍ദിശയില്‍നിന്നു വന്ന മറ്റൊരു കാറിലും കാര്‍ ഇടിച്ചു. രണ്ടു കാറുകളിലുമായി നാലുപേരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. അപകടമുണ്ടായത് റോഡിന്റെ മധ്യത്തിലായതിനാല്‍ ഗതാഗതക്കുരുക്കും രൂപപ്പെട്ടു.
പോലീസ് എത്തിയശേഷം വാഹനങ്ങള്‍ മാറ്റിയാല്‍ മതിയെന്ന് തീരുമാനിച്ചതോടെ ഇരുവശങ്ങളിലേക്കും കുരുക്ക് ഒരു കിലോമീറ്ററിലേറെ നീണ്ടു. അരമണിക്കൂറിനുശേഷം ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കിയശേഷം അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ സ്റ്റേഷനിലേക്കു മാറ്റി.