‘വാനരന്മാർ കോടതിയിൽ പോകണം’
Monday, August 18, 2025 3:08 AM IST
തൃശൂർ: ചില വാനരൻമാർ ഉന്നയിക്കലുമായി ഇറങ്ങിയിട്ടുണ്ടെന്നും അവരോടു കോടതിയിൽ പോകാൻ പറയണമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിലെ വോട്ട് ക്രമക്കേടിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
“ഇവിടെനിന്നു കുറച്ചു വാനരൻമാർ ഇറങ്ങിയിട്ടുണ്ടല്ലോ, ഉന്നയിക്കലുമായി. അവരോടു കോടതിയിൽ പോകാൻ പറ. അക്കരയായാലും ഇക്കരയായാലും അവിടെപ്പോയി ചോദിക്കാൻ പറ. ഉന്നയിച്ച വിഷയങ്ങൾക്കെല്ലാം മുഖ്യ തെരഞ്ഞെടുപ്പുകമ്മീഷണർ മറുപടി പറയും. അല്ലെങ്കിൽ സുപ്രീംകോടതിയിൽ പറയും. അപ്പോൾ അവിടെപ്പോയി പറയാൻ പറ. ഞാൻ മന്ത്രിയാണ്. ആ ഉത്തരവാദിത്വം കൃത്യമായി നിർവഹിച്ചിട്ടുണ്ട്”- സുരേഷ് ഗോപി പറഞ്ഞു.
ശക്തൻ തന്പുരാന്റെ പ്രതിമയിൽ മാലയിട്ടശേഷം പ്രതികരിക്കുന്പോഴാണ് കോണ്ഗ്രസ് നേതാവ് അനിൽ അക്കരയടക്കമുള്ളവരുടെ പേരെടുത്തുപറയാതെയുള്ള പരിഹാസം. ശക്തൻ തന്പുരാന്റെ ആത്മാവ് ഉൾക്കൊണ്ടു പ്രവർത്തിക്കും. ശക്തൻ തന്പുരാൻ ശക്തനായ ഭരണാധികാരിയായിരുന്നു. ആ ശക്തനെ തിരിച്ചുപിടിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്, തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേട് എന്നിവയോടു രണ്ടാഴ്ചയായി സുരേഷ് ഗോപി പ്രതികരിച്ചിരുന്നില്ല. ജൂലൈ 17നു വടക്കുന്നാഥക്ഷേത്രത്തിൽ നടന്ന ആനയൂട്ടിൽ പങ്കെടുത്തു മടങ്ങിയ കേന്ദ്രമന്ത്രി, ഓഫീസ് ബോർഡിൽ കരിഓയിൽ ഒഴിച്ചുള്ള പ്രതിഷേധത്തിനു പിന്നാലെയാണു തൃശൂരിലെത്തിയത്. അന്നും മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നില്ല.
സുരേഷ് ഗോപിയുടെ വാനരപ്രയോഗം കണ്ണാടിനോക്കി: ജോസഫ് ടാജറ്റ്
തൃശൂർ: വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിനെതിരേ സുരേഷ് ഗോപി തൃശൂരിൽ നടത്തിയ വാനരപരാമർശം കണ്ണാടിയിൽ നോക്കി നടത്തിയതാണെന്നു ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. “ഇത്രനാൾ അദ്ദേഹം വായതുറന്നില്ല. തുറന്നതു തൃശൂരിലെ ജനങ്ങളെ അപമാനിക്കാനാണ്. അദ്ദേഹം നടത്തിയ ക്രമക്കേട് കണ്ടെത്തിയതിലെ ജാള്യതകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്.
അത് സുരേഷ് ഗോപിയുടെ സംസ്കാരമാണ്. ഞങ്ങളുയർത്തിയത് അദ്ദേഹവും ബിജെപിയും വോട്ടർപട്ടികയിൽ നടത്തിയ ക്രമക്കേടിനെക്കുറിച്ചാണ്. തൃശൂരിലെ എംപിയെന്ന നിലയിൽ മറുപടി പറയാൻ ബാധ്യതയുണ്ട്. തെരഞ്ഞെടുപ്പു കമ്മീഷനെയും സുപ്രീംകോടതിയെയും പറഞ്ഞ് ഒഴിവാകുന്നത് ക്രമക്കേട് ശരിവയ്ക്കുന്നതിനു തുല്യമാണ്’’-ഡിസിസി പ്രസിഡന്റ് പറഞ്ഞു.