അണ്ടർ 20 ഏഷ്യൻഗുസ്തിയിൽ സ്വർണ്ണം കൊയ്തെടുത്ത് മേവടയിൽ നിന്നൊരാചാര്യൻ
1577166
Saturday, July 19, 2025 3:48 PM IST
പാലാ: കിർഗിസ്ഥാനിലെ ബിഷ്കേക്കിൽ ഈ മാസം മൂന്ന് മുതൽ13 വരെ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ റെസിലിംഗിൽ ഏഴ് സ്വർണവും ഒരു വെങ്കലവുമായി ഇന്ത്യ കിരീടം നേടിയത് പാലാ മേവട സ്വദേശി ബിജു കുഴുമുള്ളിലിന്റെ നേതൃത്വത്തിലാണ്.
നാലാം തവണയാണ് ബിജു ഇന്ത്യക്കായി പരിശീലക വേഷം അണിയുന്നത്. 2016 (ചൈന), 2018 (ഡൽഹി), 2024 (തായ്ലൻഡ്) വർഷങ്ങളിൽ വിവിധ ഇന്ത്യൻ ടീമുകളുടെ പരിശീലകനായി ബിജു കുഴിമുള്ളില് ഇന്ത്യൻ ജഴ്സി അണിഞ്ഞിട്ടുണ്ട്.
2024 തായ്ലൻഡിൽ നടന്ന അണ്ടർ 17 ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ബിജുവിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ ടീം ജേതാക്കളായിരുന്നു.
പാലാ സെന്റ് തോമസ് കോളജിലെ പഠനകാലത്ത് ഗുസ്തിയിൽ സംസ്ഥാന - സൗത്ത് ഇന്ത്യ ചാമ്പ്യനും കേരളകേസരിയുമായിരുന്ന ബിജു പിന്നീട് എൻഐഎസ് കോച്ചിംഗ് ഡിപ്ലോമ നേടി ഗുസ്തി പരിശീലന രംഗത്തേക്ക് കടന്നു വരികയായിരുന്നു.
മാന്നാനം കെഇ കോളജിനെ എംജി യൂണിവേഴ്സിറ്റി ചാമ്പ്യന്മാരാക്കി 1987-ൽ തുടങ്ങിയ ഗുസ്തി പരിശീലന ജീവിതം തന്റെ മാതൃ കലാലയമായ പാലാ സെന്റ് തോമസ് കോളജ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളെ വിജയപീഠത്തിൽ എത്തിച്ചിട്ടുണ്ട്.
ദേശീയ തലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച നൂറുകണക്കിന് ശിഷ്യന്മാർ ബിജുവിന്റെ കീഴിൽ പരിശീലനം നേടിയിട്ടുണ്ട്.
സ്പോർട്സ് കൗൺസിൽ കോച്ചായി ഔദ്യോഗിക ജീവിതമാരംഭിച്ച ഇദ്ദേഹത്തിന്റെ ശിഷ്യന്മാർ ചേർന്ന് രൂപീകരിച്ച ബിജൂസ് അക്കാദമി എന്ന ഗുസ്തി പരിശീലനസ്ഥാപനത്തിന്റെ മുഖ്യ പരിശീലകനായി ഇപ്പോൾ സേവനമനുഷ്ഠിച്ചുവരുന്നു.
കേരളത്തിൽ മതിയായ പരിശീലന സൗകര്യങ്ങൾ ലഭ്യമാക്കിയാൽ ഒരുപിടി ഒളിമ്പ്യന്മാരെ മലയാളത്തിന് സമ്മാനിക്കാനാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഇദ്ദേഹം. ഭാര്യ ദീപ അധ്യാപികയാണ്. മക്കൾ ഗൗതം ഗോവിന്ദ്.