മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കം
1577187
Sunday, July 20, 2025 2:46 AM IST
ഭരണങ്ങാനം: ജില്ലാ പഞ്ചായത്തിന് ഭരണങ്ങാനം പഞ്ചായത്തിലെ ചൂണ്ടച്ചേരിയിലുള്ള സ്ഥലത്ത് മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ആരംഭിക്കുന്നതിനുള്ള ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കം കുറിക്കും.
1.16ഏക്കര്‍ സ്ഥലമാണ് ജില്ലാ പഞ്ചായത്തിന് ചൂണ്ടച്ചേരിയിലുള്ളത്. കഴിഞ്ഞ ഇരുപത് വര്‍ഷമായി സ്ഥലം ഒന്നിനും ഉപയോഗിക്കാതെ തരിശിട്ടിരിക്കുകയാണ്. ഒന്നാംഘട്ടത്തില്‍ 10 ലക്ഷം രൂപ ഉപയോഗിച്ച് ചുറ്റുമതില്‍ കെട്ടി ജില്ലാ പഞ്ചായത്ത് വക ബോര്‍ഡുകള്‍ സ്ഥാപിക്കും.
രണ്ടാംഘട്ടമായി മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് സ്ഥാപിക്കുന്നതോടുകൂടി പ്രാദേശികമായി തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നതിനും അത് പ്രദേശത്തിന്റെ സാമ്പത്തിക വികസനത്തിനും ഇടയാക്കും.
നാളെ രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ അധ്യക്ഷത വഹിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ പ്രസംഗിക്കും.
സ്ഥലത്തിന്റെ വര്‍ഷങ്ങളായുള്ള കരം കുടിശിക അടച്ചുതീര്‍ത്തതായും ഭൂമിയുടെ ഇനം നിലം എന്നുള്ളത് മാറ്റാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചതായും ജില്ലാ പഞ്ചായത്ത് ഡിവിഷന് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു.