അയ്യൻകുന്ന് പഞ്ചായത്തിൽ ആശാവർക്കർമാരെ ആദരിച്ചു
1577808
Tuesday, July 22, 2025 1:10 AM IST
ഇരിട്ടി: ആരോഗ്യ രംഗത്തെ അടിസ്ഥാന പ്രവർത്തകരായ ആശാവർക്കർമാരെ അയ്യൻകുന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. അയ്യൻകുന്ന് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു.
ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിറ്റി ആൻഡ് മാനേജ്മെന്റ് ഡയറക്ടർ ജോ തോമസ് മുഖ്യാതിഥിയായി. പഞ്ചായത്തിൽ സേവനം അനുഷ്ഠിക്കുന്ന 16 ആശാവർക്കർമാരെ ആദരിച്ചു. തുടർന്ന് "ആരോഗ്യ രംഗത്തെ മാറ്റവും നവീകരണവും' എന്ന വിഷയത്തിൽ ചർച്ച നടത്തി. ചർച്ചയിൽ സമൂഹത്തിന്റെ താഴെത്തട്ടുമുതൽ ആശാവർക്കമാരുടെ സേവനങ്ങൾ ഏറെ വിലപ്പെട്ടതാണെന്ന് വിലയിരുത്തി.
കേരളത്തിൽ ആരോഗ്യരംഗം ഒന്നാം സ്ഥാനത്തേക്ക് എത്താൻ പകുതി ദൂരം മാത്രമാണ് പിന്നിട്ടത്. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകണം. കേരളത്തിലെ റോഡുകളിൽ സുരക്ഷിത ഫുട് പാത്തുകൾ നിർമിക്കണം. ജീവിത ശൈലി രോഗം എന്നത് തെറ്റായ പ്രയോഗം ആണെന്നും ഇത് രോഗികളെ കുറ്റപ്പെടുത്തലാണെന്നും ചർച്ച നയിച്ച ജോ തോമസ് പറഞ്ഞു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഐസക് ജോസഫ്, സിന്ധു ബെന്നി, സീമ സനോജ്, പഞ്ചായത്ത് അംഗങ്ങളായ മിനി വിശ്വനാഥൻ, സജി മച്ചിത്താന്നി,ജോസഫ് വട്ടുകുളം, സെലീന ബിനോയി, എൽസമ്മ ചേന്നംകുളം, ഫിലോമിന മാണി, കരിക്കോട്ടക്കരി ഹെൽത്ത് ഇൻസ്പെക്ടർ ടി.എ. ജയ്സൺ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഒ.ജെ. ജോർജ്, ജെയിൻസ് മാത്യു എന്നിവർ പ്രസംഗിച്ചു.