ഉദയഗിരി പഞ്ചായത്ത് സോളാർ തൂക്കുവേലി നിർമാണം; പഞ്ചായത്ത് ഭരണസമിതിക്കെതിരേ കോൺഗ്രസ് രംഗത്ത്
1577817
Tuesday, July 22, 2025 1:10 AM IST
കാർത്തികപുരം: ഉദയഗിരി പഞ്ചായത്തിലെ സോളാർ തൂക്കുവേലി നിർമാണവുമായി ബന്ധപ്പെട്ട് കോൺഗ്രസിനു നേരെയുള്ള ആരോപണം പഞ്ചായത്തു ഭരണസമിതിയുടെ കഴിവുകേട് മറച്ചുവയ്ക്കാനാണെന്ന് കോൺഗ്രസ് ഉദയഗിരി മണ്ഡലം കമ്മിറ്റി ആരോപിച്ചു.
കർണാടക വനാതിർത്തി മേഖലയിൽപ്പെടുന്ന മഞ്ഞപ്പുല്ല് മുതൽ മണ്ണാത്തിക്കുണ്ട് വരെയുള്ള 16.5 കിലോമീറ്റർ ദൂരം സൗരോർജ തൂക്കുവേലി നിർമിക്കുന്നതിനായി ത്രിതല പഞ്ചായത്തുകളും എംഎൽഎയും തുകഅനുവദിച്ചിരുന്നു. നബാർഡ് ഫണ്ട് അടക്കം ഒരുകോടി 35 ലക്ഷം രൂപ വീതം കണ്ടെത്തി എന്നു പറയുന്ന പദ്ധതി മൂന്നുവർഷക്കാലമായിട്ടും പൂർത്തീകരിച്ചിട്ടില്ല.
രണ്ടരവർഷം മുമ്പ് പ്രവൃത്തി ഉദ്ഘാടന ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആറു മാസത്തിനകം പണി പൂർത്തിയാകുമെന്ന് ഉറപ്പു നൽകിയിരുന്നു.
ഒന്നര വർഷത്തിനുശേഷം 2025 മാർച്ച് മാസത്തിലാണ് പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയത്. എന്നാൽ, പണി പൂർത്തിയായ സ്ഥലങ്ങളിൽ പോലും വേലിക്ക് ചാർജ് ഇല്ലാത്തതിനാൽ പലതവണ ആന ഇറങ്ങി കൃഷിയിടങ്ങൾ നശിപ്പിച്ച സംഭവം ഉണ്ടായിരുന്നു.
ഇതോടെ നാട്ടുകാരുടെ വിശ്വാസം നഷ്ടപ്പെടുകയും പഞ്ചായത്ത് ഭരണസമിതിയോട് ഇത് കുറ്റമറ്റതാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നിർമാണവുമായി ബന്ധപ്പെട്ട കണക്ക് അവതരിപ്പിക്കാൻ യോഗം വിളിച്ചുചേർക്കാൻ പഞ്ചായത്ത് ഭരണസമിതി ഇതവരെ തയാറായിട്ടില്ല.
ഇല്ലാത്ത വിജിലൻസ് കേസ് പറഞ്ഞ് കോൺഗ്രസുകാരെ പഴിചാരി സോളാർ വേലി നിർമാണം നടക്കാത്ത പ്രദേശത്തെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നത് ജാള്യത മറക്കാനുള്ള തന്ത്രം മാത്രമാണെന്നാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആരോപണം.
സോളാർ വേലിയുടെ കേബിൾ നശിപ്പിച്ചവർ ആരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷിക്കണമെന്ന് മണ്ഡലം പ്രസിഡന്റ് ജോയിച്ചൻ പള്ളിയാലിൽ ആവശ്യപ്പെട്ടു. നേരത്തെ ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരനും ഭരണപക്ഷ അംഗങ്ങളും പത്രസമ്മേളനം നടത്തി കോൺഗ്രസിനെതിരേ രംഗത്ത് വന്നിരുന്നു.