ആറളം പുനരധിവാസ മേഖലയിൽ കാട്ടാന വീണ്ടും കൃഷി നശിപ്പിച്ചു
1577822
Tuesday, July 22, 2025 1:10 AM IST
ഇരിട്ടി: ഒരു ദിവസം പോലും ഇടതടവില്ലാതെ ആറളം പുനരധിവാസ മേഖലയിൽ കാട്ടാന വിളയാട്ടം. ഇന്നലെ പുലർച്ചെ ഏഴാം ബ്ലോക്കിലാണ് കാട്ടാന കൃഷി നശിപ്പിച്ച് ഭീതി പരത്തിയത്. ഇവിടെ താമസക്കാരനായ ബിനുവിന്റെ പറന്പിലെത്തിയ കാട്ടാന വാഴയുൾപ്പടെയുള്ള കൃഷികൾ നശിപ്പിച്ചു. സമീപവാസികളുടെ പലരുടെ
യും തെങ്ങും മറ്റ് കാർഷിക വിളകളും നശിപ്പിച്ചിട്ടുണ്ട്. ബിനുവിന്റെ പുരയിടത്തിൽ ഇനി ഒരു കൃഷിയും ബാക്കിയാകാത്ത തരത്തിലാണ് നാശം വിതച്ചത്. ധൈര്യമായി വീടിനുള്ളിൽ കിടന്നുറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് ബിനു പറഞ്ഞു.
ഏതു നിമിഷവും വീടിന് നേരെ കാട്ടാനകളുടെ ആക്രമണം ഉണ്ടാകുമെന്ന ഭയത്തിലാണ് ഇവിടുത്തുകാർ. വർഷങ്ങളായി കാട്ടാനകൾ കൃഷികൾ നശിപ്പിക്കുന്നു. ഇതിനൊന്നും യാതൊരു നഷ്ടപരിഹാരവും ലഭിക്കുന്നില്ലെന്ന് താമസക്കാർ പറഞ്ഞു. വയനാടൻ കാടിനോട് ചേർന്നുകിടക്കുന്ന ഇവിടെ ആനഭീഷണി രൂക്ഷമാണ്.
രാത്രിയായാൽ വീടിനു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. തുരത്തിയ കാട്ടാനകൾ വനംവകുപ്പ് ജീവനക്കാർ മടങ്ങുന്നതിന് മുന്പേ തിരിച്ചെത്തും. ആദിവാസികളുടെ ദുരിതം സർക്കാർ കാണുന്നില്ലെന്നും പരിഹരിക്കാൻ നടപടികൾ ഉണ്ടാകുന്നില്ലെന്നും താമസക്കാർ പറഞ്ഞു. ഞങ്ങളെങ്ങനെ ജീവിക്കും എന്ന കാര്യത്തിൽ സർക്കാർ മറുപടി പറയണമെന്നും ഇവർ ആവശ്യപ്പട്ടു.