കണ്ണവം മേഖലയിലെ വന്യമൃഗ ശല്യം: ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്
1577814
Tuesday, July 22, 2025 1:10 AM IST
കൂത്തുപറമ്പ്: കണ്ണവം മേഖലയിൽ കൃഷിക്കും മനുഷ്യ ജീവനും വെല്ലുവിളി ഉയർത്തുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്കെടിയു, എകെഎസ് സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണവം ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി.
കണ്ണവം, പൂഴിയോട്, പന്നിയോട്, പറമ്പുക്കാവ്, ചെന്നപ്പൊയിൽ പ്രദേശങ്ങളിൽ സമീപകാലത്തായി കാട്ടാന വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. കാട്ടുപോത്തുകളുടെ അക്രമണത്തിൽ രണ്ട് കറവ പശുക്കൾ കൊല്ലപ്പെട്ടു. സംരക്ഷിത വനമേഖലയിൽ നിന്ന് കിലോമീറ്റർ അകലെയുള്ള പ്രദേശങ്ങളിലും വന്യമൃഗ ശല്യം രൂക്ഷമാണ്. കർഷക തൊഴിലാളികൾക്ക് ജോലിയില്ലാത്ത സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി പ്രദേശവാസികൾ ഉൾപ്പെടെ രംഗത്ത് എത്തിയത്.
കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എം. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. എൻ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി പി. മോഹനൻ, ഷാജി കരിപ്പായി, ടി. ബാലൻ, എൻ.വി ശ്രീജ, സി. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.