ക്നാനായ കത്തോലിക്ക കോൺഗ്രസ് നേതൃസംഗമം നടത്തി
1577821
Tuesday, July 22, 2025 1:10 AM IST
കള്ളാർ: കോട്ടയം അതിരൂപതയുടെ അല്മായ സംഘടനയായ ക്നാനായ കത്തോലിക്ക കോൺഗ്രസ് രാജപുരം ഫൊറോന സമിതിയുടെ ആഭിമുഖ്യത്തിൽ സമുദായ സംഘടനകളുടെ നേതൃസംഗമം സംഘടിപ്പിച്ചു. കള്ളാർ സെന്റ് തോമസ് പാരിഷ് ഹാളിൽ നടന്ന കെസിസി, കെസിഡബ്ല്യുഎ, കെസിവൈഎൽ സംഘടനകളുടെ നേതൃസംഗമം പരിപാടി കോട്ടയം അതിരൂപത വികാരി ജനറാളും ദീപിക മാനേജിംഗ് ഡയറക്ടറുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു.
കെസിസി ഫൊറോന പ്രസിഡന്റ് ഒ.സി. ജയിംസ് അധ്യക്ഷത വഹിച്ചു. ഫൊറോന വികാരി ഫാ. ജോസ് അരീച്ചിറയിൽ ആമുഖസന്ദേശം നൽകി. കെസിസി റീജണൽ പ്രസിഡന്റ് ജോസ് കണിയാംപറമ്പിൽ, കള്ളാർ ഇടവക വികാരി ഫാ. ജോബിൻ പ്ലാച്ചേരിപുറത്ത്, ജിൻസി ജയിംസ്, ടെസ്ലിൻ തോമസ് എന്നിവർ പ്രസംഗിച്ചു.
അംഗങ്ങൾക്കായി ഫാ. മൈക്കിൾ വെട്ടിക്കാട്ട് ക്ലാസെടുത്തു. രാജപുരം ഫൊറോനയിലെ വിവിധ ഇടവകകളിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിലെ ഉന്നതവിജയികളെ അനുമോദിച്ചു. യൂണിറ്റ് പ്രസിഡന്റ് ടോമി വാണിയപുരയിടത്തിൽ സ്വാഗതവും സെക്രട്ടറി സിജു ചാമക്കാലായിൽ നന്ദിയും പറഞ്ഞു.