വൈക്കം ബോട്ടുജെട്ടി പുതുമയുടെ കടവിലേക്ക്
1583283
Tuesday, August 12, 2025 6:48 AM IST
വൈക്കം: സ്വാതന്ത്ര്യസമരത്തിന്റെയും വൈക്കം സത്യഗ്രഹത്തിന്റെയും സ്മരണകളുടെ പ്രതാപം പേറുന്ന വൈക്കം ബോട്ടുജെട്ടി പുതുമോടിയണിയുന്നു. പഴമ ചോരാതെ മോടിപിടിപ്പിക്കാനാണ് തീരുമാനം. 1925 മാര്‍ച്ചില്‍ വൈക്കം സത്യഗ്രഹസമരത്തില്‍ പങ്കെടുക്കാന്‍ മഹാത്മാഗാന്ധി വൈക്കത്തെത്തിയത് ഇവിടെ ബോട്ട് ഇറങ്ങിയാണ്.
മേജര്‍ ഇറിഗേഷന്‍ വകുപ്പിന്റെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ ചെലവിട്ടാണ് നവീകരണം. നിലവില്‍ തറയുടെ നിർമാണമാണ് പുരോഗമിക്കുന്നത്. വേലിയേറ്റ സമയത്തു വെള്ളം കയറാതിരിക്കാനായി തറ അല്പംകൂടി ഉയര്‍ത്തിയിട്ടുണ്ട്.
ആഞ്ഞിലിയും തേക്കും
തേക്ക്, ആഞ്ഞിലി തടികളുപയോഗിച്ചു നിർമിച്ചതാണ് പഴയ ബോട്ടുജെട്ടി കെട്ടിടം. മേല്‍ക്കൂര ആഞ്ഞിലിയും ഭിത്തി തേക്ക് പലകയുമാണ്. മേല്‍ക്കൂരയുടെ കേടുഭാഗങ്ങൾ ആഞ്ഞിലിത്തടി കൊണ്ടുതന്നെ പുനര്‍നിര്‍മിച്ചു ഷീറ്റ് ഇട്ടു. ഭിത്തി തേക്കിന്റെ പലകകള്‍ ഉപയോഗിച്ചു നവീകരിക്കും. നിലവില്‍ മേല്‍ക്കൂര നവീകരണവും ഭിത്തി ബലപ്പെടുത്താനായി നെറ്റും എംസാന്‍ഡും ഉപയോഗിച്ച് തേക്കുന്ന ജോലികളും പൂര്‍ത്തിയായി.
മൂന്നു മാസം
നവീകരണത്തിന്റെ ഭാഗമായി എടുത്തുമാറ്റിയ തിരുവിതാംകൂറിന്റെ രാജമുദ്ര പതിപ്പിച്ച പലകയും പുനഃസ്ഥാപിച്ചു. 2020ല്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പ്ലാറ്റ്ഫോം നവീകരിച്ചിരുന്നു.
പഴയ ബോട്ടുജെട്ടിക്കു സമീപംതന്നെ പുതിയ കെട്ടിടം പണിത് 2011 ഫെബ്രുവരി 11നു പ്രവര്‍ത്തനം അങ്ങോട്ടുമാറ്റി. അവിടെനിന്നാണിപ്പോള്‍ തവണക്കടവിലേക്കുള്ള ബോട്ടുകള്‍ സര്‍വീസ് നടത്തുന്നത്. മൂന്നു മാസത്തിനുള്ളില്‍ നവീകരണം പൂര്‍ത്തിയാക്കുമെന്ന് ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ പറഞ്ഞു.