മൂലേടം മേൽപ്പാലം: പ്രതിഷേധം ഇരന്പി
1583297
Tuesday, August 12, 2025 6:49 AM IST
മണിപ്പുഴ: തകർന്ന് ടാറിളകി യാത്ര ദുഷ്കരമായ മൂലേടം മേൽപ്പാലത്തിൽ അറ്റകുറ്റപ്പണി വൈകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംഘടിപ്പിച്ച കുറ്റവിചാരണ സദസിൽ സർക്കാരിനെതിരേ രൂക്ഷവിമർശനം. വർഷങ്ങളായി തകർന്നു കിടക്കുന്ന പാലം നന്നാക്കുന്നതിൽ കനത്ത അലംഭാവമാണ് അധികൃതർ പുലർത്തുന്നതെന്നു സമ്മേളനം കുറ്റപ്പെടുത്തി.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കുറ്റവിചാരണ സദസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സിബി ജോൺ കൈതയിൽ അധ്യക്ഷത വഹിച്ചു. മണിപ്പുഴ ജംഗ്ഷനിൽ ടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.
2014ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നിർമിച്ച മേൽപ്പാലത്തിൽ ഇതുവരെ കാര്യമായ അറ്റുകുറ്റപ്പണിയൊന്നും നടത്തിയിട്ടില്ല. ടാറിംഗ് ഇളകി പാലം മുഴുവൻ കുഴി നിറഞ്ഞസ്ഥിതിയാണ്. മൂലേടം, കടുവാക്കുളം, കൊല്ലാട് മേഖലയിലേക്കും നാട്ടകം ഗവ.ഗസ്റ്റ് ഹൗസിലേക്കുമുള്ള പ്രധാന റോഡാണിത്.
ഗസ്റ്റ് ഹൗസിലേക്കുള്ള വിഐപികൾ അടക്കമുള്ളവരെ റോഡ് തകർച്ചമൂലം വളഞ്ഞു ചുറ്റിയുള്ള മറ്റു വഴികളിലൂടെയാണ് ഗസ്റ്റ് ഹൗസിലേക്ക് എത്തിക്കുന്നത്. അതേസമയം, കുഴികൾ അടയ്ക്കാനും അറ്റകുറ്റപ്പണിക്കും സർക്കാർ അനുമതി കിട്ടിയിട്ടുണ്ടെന്നും മഴ മാറിയാൽ ഉടനെ പണി ആരംഭിക്കുമെന്നുമാണ് പൊതുമരാമത്ത് വകുപ്പിന്റെ വാദം.