കെഎസ്ആര്‍ടിസി അധികൃതരോട് ഒരഭ്യര്‍ഥന; നിങ്ങളുടെ നിസംഗത അപകടത്തിനിടയാക്കരുത്
1583294
Tuesday, August 12, 2025 6:49 AM IST
ചങ്ങനാശേരി: കെഎസ്ആര്‍ടിസി ഡിപ്പോയുടെ പിന്നിലെ മതില് ഏതുസമയവും ഇടിഞ്ഞുവീഴാം. ജനറല്‍ ആശുപത്രി റോഡിന് അഭിമുഖമായുള്ള കൂറ്റന്‍ കരിങ്കല്‍ മതിലാണ് അപകടഭീഷണിയായി നില്‍ക്കുന്നത്. മതില്‍ക്കെട്ടിനിടയില്‍ വളര്‍ന്നുപന്തലിക്കുന്ന പാഴ്മരമാണ് വീഴാറായി നില്ക്കുന്ന മതിലിനു കൂടുതല്‍ ഭീഷണിയായിരിക്കുന്നത്.
മതിലിന്റെ ഒരുവശത്ത് ഓട്ടോ പാര്‍ക്കിംഗും ഒരു ഭാഗത്തുകൂടി ഇടുങ്ങിയ റോഡുമാണുള്ളത്. ഇതിനു സമീപത്ത് വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. തൊട്ടരികില്‍ ജനറല്‍ ആശുപത്രിയിലേക്കടക്കം വൈദ്യുതി എത്തിക്കുന്ന പോസ്റ്റും ലൈനും കടന്നുപോകുന്നുണ്ട്. പുതുതായി നിര്‍മിച്ചിരിക്കുന്ന വെയ്റ്റിംഗ് ഷെഡിനോടു ചേര്‍ന്നാണ് അപകടം പേറുന്ന മതില് സ്ഥിതി ചെയ്യുന്നത്. മതില് വീണാല്‍ ജീവഹാനി ഉള്‍പ്പെടെ അപകടത്തിന്റെ തോത് വളരെ വലുതായിരിക്കാം. ദീപിക നേരത്തേയും ഈ വിഷയം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
ഇക്കാര്യത്തില്‍ കെഎസ്ആര്‍ടിസി അധികൃതര്‍ സത്വരനടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ നഗരസഭ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാണ് ഈ ഭാഗത്തുള്ള വ്യാപാരികളും യാത്രക്കാരും ആവശ്യപ്പെടുന്നത്. ഈ വിഷയം ഉന്നയിച്ച് സമരരംഗത്തിറങ്ങാനും രാഷ്ട്രീയ പാര്‍ട്ടികള്‍ ആലോചിക്കുന്നുണ്ട്.