വാഹനാപകടത്തില്‍ മരിച്ചയാളുടെ സംസ്കാരം ഇന്ന്
1583290
Tuesday, August 12, 2025 6:49 AM IST
പുതുപ്പള്ളി: വാഹനാപകടത്തില്‍ മരിച്ച പുതുപ്പള്ളി വാവ സൗണ്ട്സ് ഉടമ ഇരവിനല്ലൂര്‍ പാലപ്പറമ്പില്‍ പോത്തന് ഫിലിപ്പോസിന്റെ (കൊച്ചുമോന്-54) സംസ്കാരം ഇന്നു നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലാണ് സംസ്കാരം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തിരുവല്ല-കായംകുളം റോഡില്‍ ആലുംതുരുത്തിക്കു സമീപമുണ്ടായ അപകടത്തില്‍ പരിക്കേറ്റു ചികിത്സയിലിരുന്ന പോത്തന് ഞായറാഴ്ചയാണു മരിച്ചത്. ഇദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തു. പോത്തന് സഞ്ചരിച്ചിരുന്ന ബൈക്കില്‍ പിക്കപ്പ് വാന്‍ ഇടിച്ചായിരുന്നു അപകടം.
പുതുപ്പള്ളി വാവ സൗണ്ട് സിസ്റ്റം ഉടമയായ പോത്തന് സൗണ്ട് എന്‍ജിനിയര്‍ കൂടിയാണ്. പ്രദേശത്തെ വിവിധ ആരാധനാലയങ്ങളിലെ സൗണ്ട് സെറ്റ് ചെയ്തിരുന്നത് പോത്തനായിരുന്നു.
പരേതരായ പി. ഫിലിപ്പിന്റെയും പൊന്നമ്മയുടെയും മകനാണ്. ഭാര്യ: പുതുപ്പള്ളി വഴിയില്‍ ബീന പോത്തന് (വാകത്താനം എംജിഇഎം എച്ച്എസ്എസ്). മക്കള്‍: ബിക്കു പോത്തന് ഫിലിപ്പ് (ഇന്‍ഫോ പാര്‍ക്ക് കൊച്ചി), ജിക്കു പോത്തന് ഫിലിപ്പ്. (എംസിഎ വിദ്യാര്‍ഥി, ക്രിസ്തുജ്യോതി കോളജ്. ചങ്ങനാശേരി).