ഓപ്പറേഷൻ ഗജമുക്തി; ആദ്യ ദിനം തുരത്തിയത് ഒമ്പത് ആനകളെ
1583183
Tuesday, August 12, 2025 1:16 AM IST
ഇരിട്ടി: ആറളം ഫാമിലും പുനരധിവാസ മേഖലയിലും ജനങ്ങളുടെ ജീവനും കൃഷിക്കും ഭീഷണിയായ കാട്ടാനകളെ വനത്തിലേക്കു തുരത്താനുള്ള ഓപ്പറേഷൻ ഗജമുക്തി പദ്ധതി തുടങ്ങി. ഇന്നലെ ഫാമിനുള്ളിൽ നിന്നും കണ്ടെത്തിയ ഒമ്പത് ആനകളെ ആറളം വന്യജീവി സങ്കേതത്തിൽ കയറ്റിവിട്ടു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണു ആന തുരത്തൽ ദൗത്യം ഏകോപിക്കുന്നത് . ഞായറാഴ്ചയും ഇന്നലെ പുലർച്ചയും ആറളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുനരധിവാസ മേഖലയിലെ ജനങ്ങൾക്ക് മൈക്ക് അനൗൺസ്മെന്റിലൂടെ മുന്നറിയിപ്പ് സന്ദേശം നല്കി.
ഇന്നലെ രാവിലെ ഏഴിന് ദൗത്യം ആരംഭിച്ചു. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ സംഘം ഫാമിലെ ബ്ലോക്ക് രണ്ടിൽ തമ്പടിച്ച കാട്ടാനകളെ നിരീക്ഷിച്ചു കണ്ടെത്തി. തുടർന്ന് പുനരധിവാസ മേഖലയിലുള്ളവർക്ക് ജോലി സ്ഥലത്തേക്ക് പോകുവാനുള്ള സുരക്ഷിതത്വവും ഫാം സ്കൂൾ കുട്ടികൾക്കുള്ള സുരക്ഷയും കണക്കിലെടുത്തു രാവിലെ പത്തോടെകാട്ടാന തുരത്തൽ ആരംഭിച്ചു. പടക്കം പൊട്ടിച്ചും മറ്റും കൃഷിയിടത്തിലെ പൊന്തക്കാടുകളിൽ നിന്നും ആനക്കൂട്ടത്തെ പാലപ്പുഴ - കീഴ്പ്പള്ളി റോഡ് കടത്തി പുനരധിവാസ മേഖലയിലേക്കാണു ആദ്യംതുരത്തിയത്.
ആറ് വലിയ ആനകളും മൂന്ന് കുട്ടിയാനുകളുമാണു റോഡ് കടന്ന് പുനരധിവാസ മേഖലയിലേക്ക് പ്രവേശിച്ചത്. പിന്നീട് അവിടെ നിന്നും താളിപ്പാറ കോട്ടപ്പാറ വഴി അഞ്ചു മണിക്കൂർ കൊണ്ട് ആറളം വന്യജീ സങ്കേതത്തിലേക്കു സോളർ തൂക്കുവേലി തുറന്നു ഓടിച്ചു വിട്ടു. തിരിച്ചു വരാതിരിക്കാൻ വേലി പുനസ്ഥാപിച്ചു. കാവലും ഏർപ്പെടുത്തി.
ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ, റേഞ്ചർമാരായ ടി. നിധിൻരാജ് (കൊട്ടിയൂർ), സുധീർ നേരോത്ത് (കണ്ണവം), ജയപ്രകാശ് (ഫ്ലൈയിംഗ് സ്ക്വാഡ്), ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ആറളം ആർആർടി ഡെപ്യൂട്ടി റേഞ്ചർ എം. ഷൈനികുമാർ, തോലമ്പ്ര ഫോറസ്റ്റർ സി.കെ. മഹേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ പ്രജീഷ് എന്നിവരുടെ നേതൃത്വത്തിൽ 50 അംഗ വനപാലക സംഘമാണ് ദൗത്യം നടത്തിയത്.
ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, ഫാം വാർഡ് അംഗം മിനി ദിനേശൻ, ഇരിട്ടി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർമാരായ ബിജി ജോൺ, മനോജ് കുമാർ, ആറളം എസ്ഐ രാജീവൻ, ആറളം ഫാം സെക്യൂരിറ്റി ഓഫിസർ എം.കെ. ബെന്നി എന്നിവരുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
കളക്ടറുടെയും സബ് കളക്ടറുടെയും ഏകോപനത്തിലാണ ഓപ്പറേഷൻ ഗജമുക്തി നടപ്പിലാക്കിയത്. കാട്ടാന പ്രവേശിക്കാൻ സാധ്യതയുള്ള റോഡുകൾ വനം വകുപ്പിന്റെ നിർദേശപ്രകരം പോലീസ് അടച്ചിരുന്നു . അത്യാഹിതം ഉണ്ടായാൽ പ്രഥമ ശുശ്രൂഷ ഉൾപ്പെടെ നല്കുന്നതിനുള്ള ആംബുലൻസ് സൗകര്യവും ഒരുക്കിയിരുന്നു. വനത്തിലേക്കു കയറ്റിവിടുന്ന കാട്ടാനകൾ പൂക്കുണ്ട് മേഖല വഴിയാണു വീണ്ടും തിരിച്ചു ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത്. ഇതു തടയുന്നതിനായി 24 മണിക്കൂർ നിരീക്ഷണവും ഈ മേഖലയിൽ ഒരുക്കിയിട്ടുണ്ട്.