"എനിക്കും വേണം ഖാദി' പദ്ധതിയെ സ്വീകരിച്ച് ജനം
1584001
Friday, August 15, 2025 2:02 AM IST
കണ്ണൂർ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്-പയ്യന്നൂർ ഖാദി കേന്ദ്രം ഓണം മേളയോട് അനുബന്ധിച്ച് ഖാദി വസ്ത്ര പ്രചാരണത്തിന്റെ ഭാഗമായിട്ടുള്ള "എനിക്കും വേണം ഖാദി' കാമ്പയിൻ വൻ ഹിറ്റിലേക്ക്. കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ നല്ല കച്ചവടമാണ് നടക്കുന്നത്. ഏറ്റവും മികച്ച കോട്ടണിലും സിൽക്കിലും നിർമിച്ച ഈടുനില്‍ക്കുന്ന പോച്ചംപള്ളി സാരി മുതൽ കോട്ടൺ കലങ്കാരി സാരി വരെയും ഖാദി ലിനെൻ ഷർട്ടിംഗും ഇത്തവണത്തെ മേളയിലെ പ്രത്യേകതയാണ്.
സ്ഥിരം ഡിസൈനുകളിൽ നിന്നും മാറി കൂടുതൽ പ്രിന്റഡ് വസ്ത്രങ്ങളാണ് മേളയിൽ സജ്ജമാക്കിയി ട്ടുള്ളത്. മേൽത്തരം സിൽക്ക് നൂലുകൊണ്ട് നിർമിച്ച സിൽക്ക് സാരികൾക്ക് ആവശ്യക്കാരേറെയാണ്. സർക്കാർ റിബേറ്റ് ഉള്ളതിനാൽ ഉപഭോക്താക്കൾക്ക് വലിയ വിലക്കുറവും ലഭിക്കുന്നുണ്ട്. ഖാദി ഭവനുകളിൽ നേരിട്ടെത്തി ഓണക്കോടി വാങ്ങി പ്രിയപ്പെട്ടവർക്ക് നല്കാൻ അസൗകര്യമുള്ളവർക്ക് 7907436459 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ടുകൊണ്ട് തെരഞ്ഞെടുത്ത ഉത്പന്നം നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് കൊറിയർ മുഖേന എത്തിച്ചു നല്‍കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഖാദി വസ്ത്രങ്ങൾക്ക് പുറമേ ചൂരൽ ഫർണിച്ചറുകൾ, കോലാപുരി ചെരുപ്പുകൾ, ബാഗുകൾ, തേൻ തുടങ്ങിയ ഗ്രാമ വ്യവസായ ഉത്പന്നങ്ങളും കൂടാതെ പിഎംഇജിപി, എസ്ഇജിപി പവലിയനുകളും മേളയുടെ ഭാഗമായുണ്ട്. ഖാദി വസ്ത്രങ്ങൾക്ക് 30 ശതാമനം സർക്കാർ റിബേറ്റ് ലഭിക്കും. സർക്കാർ, അർധസർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെയുള്ള ക്രെഡിറ്റ് സൗകര്യവുമുണ്ട്. ഓണം ഖാദി മേള സെപ്റ്റംബർ നാലിന് സമാപിക്കും.
കൈത്തറി ഉത്പന്നങ്ങൾക്ക് റിബേറ്റ്
ഓണം റിബേറ്റിന്റെ ഭാഗമായി കൈത്തറി വികസന കോര്പറേഷന് (ഹാന്‍വീവ്) കൈത്തറി ഉത്പന്നങ്ങള്‍ക്ക് 10 മുതല്‍ 20 ശതമാനം റിബേറ്റും തെരഞ്ഞെടുത്ത ഉത്പന്നങ്ങള്‍ക്ക് 10 മുതല്‍ 70 ശതമാനം വരെ പ്രത്യേക കിഴിവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഹാന്‍വീവ് ചെയര്മാന് ടി.കെ. ഗോവിന്ദന് പത്രസമ്മേളനത്തില്‍ അറിയിച്ചു. മുണ്ട്, സാരി, സെറ്റ് മുണ്ട്, ബെഡ് ഷീറ്റ്, ടൗവ്വലുകള്‍, ചുരിദാര്‍ മെറ്റീരിയലുകള്‍ എന്നിവയാണ് ഹാന്‍വീവിന്റെ പ്രധാന ഉത്പന്നങ്ങള്‍.
ഉത്പാദന വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ശ്രേഷ്ഠം എന്ന പേരില്‍ ഇരട്ടക്കര ഡബിള്‍ മുണ്ട് ഇത്തവണ വിപണിയില്‍ ഇറക്കുന്നുണ്ട്. കേരള കൈത്തറി വികസന കോര്പറേഷന് തമിഴ്നാട് കൈത്തറി വികസന കോര്‍പറേഷനുമായി സഹകരിച്ച് അവരുടെ ഉത്പന്നങ്ങളും ഓണക്കാലത്ത് വിപണിയിലെത്തിക്കുന്നുണ്ട്. ഇന്നുമുതല്‍ സെസെപ്റ്റംബർ നാലുവരെയാണ് റിബേറ്റ് സൗകര്യത്തില്‍ ഷോറൂമുകളില്‍ വില്പന നടക്കുന്നത്. ഒ.കെ സുധീപ്, അരുണ്‍ അഗസ്റ്റിന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.