ചെടിക്കുളത്ത് കടുവ?
1583719
Thursday, August 14, 2025 12:59 AM IST
ഇരിട്ടി: ആറളം പഞ്ചായത്തിലെ ചെടിക്കുളത്ത് കൃഷിയിടത്തിൽ കടുവയെ കണ്ടതായുള്ള അഭ്യൂഹം ശക്തമായി. പ്രദേശവാസി സേവി തേക്കേക്കരയുടെ വീടിനോട് ചേർന്നുള്ള കൃഷിയിടത്തിലാണ് കടുവയെന്ന് തോന്നിക്കുന്ന ജീവിയെ അദ്ദേഹം കണ്ടത്. അരയാൾ പൊക്കത്തിൽ നീണ്ട വാലുകളോട് കൂടിയ ജീവിയെ കൃഷിയിടത്തിൽ അഞ്ചു മീറ്റർ അകലെനിന്ന് കണ്ടെന്നാണ് സേവി(60) പറയുന്നത്.
മേഖലയിലെ ലോട്ടറി വില്പനക്കരനായ മറ്റൊരാളും പശുകിടാവിന്റെ വലിപ്പം തോന്നിക്കുന്ന ഏതോ ഒരു ജീവി കൃഷിയിടത്തിലെ മതിൽ ചാടിക്കടന്ന് ഓടുന്നതായി കണ്ടതായും പറഞ്ഞിരുന്നു. കീഴ്പളളി സെക്ഷൻ ഫോറസ്റ്ററുടെ നേതൃത്വത്തിൽ വനം വകുപ്പ് മേഖലയിൽ പരിശോധന നടത്തി. കനത്ത മഴയായതിനാൽ കാൽപ്പാടുകൾ തിരിച്ചറിയാൻ കഴിഞ്ഞില്ല.
ജീവി ഏതെന്ന് സ്ഥിരീകരിച്ചില്ലെങ്കിലും പ്രദേശവാസികളോട് മുൻകരുതൽ എടുക്കണമെന്ന് വനം വകുപ്പ് നിർദേശിച്ചു.
ഒറ്റയ്ക്ക് കൃഷിയിടത്തിൽ പോകരുതെന്നുമുള്ള മുന്നറിയിപ്പാണ് വനം വകുപ്പ് നല്കിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ സേവി വീടിനോട് ചേർന്നുള്ള തെങ്ങിൻ തോപ്പിൽ വീണ് കിടക്കുന്ന തേങ്ങയെടുക്കാൻ പോയതായിരുന്നു.
പോകുന്ന വഴിയരികിൽ വാഴക്കുല ഒടിഞ്ഞു വീണത്ത് ശ്രദ്ധയിൽപ്പെട്ടു. ഇത് മാറ്റുന്നതിനായി പോകുന്നതിനിടയിലാണ് ചെറിയ കാട്ടിനുളളിൽ നിന്ന് മുരൾച്ചയോടെ വലിയ ജീവി പിന്നീട് മാറി പോവുകയുമാണ് ചെയ്തതെന്ന് സേവി പറഞ്ഞു.
ചെടിക്കുളം -കല്ലറ റോഡിനും ചെടിക്കുളം -വീർപ്പാട് റോഡിനും ഇടയിലുള്ള പ്രദേശമാണിത്. ഇവിടെ റോഡിനോട് ചേർന്നുള്ള ഭാഗം ഒഴിച്ച് കശുമാവും റബറുമുള്ള കൃഷിയിടമാണ്. ഇവിടങ്ങളിൽ താമസക്കാരും തീരേയില്ല. മേഖലയിൽ കാട്ടുപന്നിയുടേയും കുരങ്ങിന്റേയും മയിലിന്റേയും ശല്യം രൂക്ഷമാണ്.
ഇവയുടെ സാന്നിധ്യമാണ് വന്യമൃഗങ്ങളെ ജവാസമേഖലയി ലേക്കും കൃഷിയിടത്തിലേക്കും ആകർഷിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഇവിടെ കൃഷിയിറക്കാൻ പറ്റാത്ത അവസ്ഥയാണെന്നും ഇപ്പോൾ വന്യമൃഗങ്ങൾ ജനങ്ങളുടെ ജീവനും ഭീഷണിയായിക്കൊണ്ടിരിക്കുകയാണെന്ന് കർഷകനും പ്രദേശവാസിയുമായി ബിനുപന്നിക്കോട്ടിൽ പറഞ്ഞു.