പടിയൂരിൽ പന്നിപ്പനി; കാട്ടുപന്നി ചത്ത സംഭവത്തിൽ ആശങ്ക വേണ്ടെന്ന് കളക്ടർ
1583456
Wednesday, August 13, 2025 2:08 AM IST
ഇരിട്ടി: ആറളം ഫാമിൽ കാട്ടുപന്നി ചത്ത സംഭവത്തിലും പടിയൂർ പഞ്ചായത്തിലെ കുയിലൂരിലെ പന്നി ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്ത സംഭവത്തിലും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹച ര്യമില്ലെന്ന് കളക്ടർ അരുൺ കെ.വിജയൻ അറിയിച്ചു. ബന്ധപ്പെട്ട വകുപ്പുകൾ സംയുക്തമായി ആവശ്യ മായ സുരക്ഷ, പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ നാലിന് ആറളം ഫാമിൽ കാട്ടുപന്നി ചത്ത സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്നലെ പടിയൂർ പഞ്ചായത്തിലെ കുയിലൂരിൽ വളർത്തു പന്നികൾക്ക് ആഫ്രിക്കൻ പന്നിപ്പനിയും റിപ്പോർട്ട് ചെയ്തു. ആറളം ഫാമിൽ ജില്ല മൃഗ സംരക്ഷണ ഓഫീസറുടെ നേതൃത്വത്തിൽ സാമ്പിളുകൾ ശേഖരിച്ച് തിരുവ നന്തപുരത്തെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
പടിയൂർ പഞ്ചായത്തിൽ ഇന്നലെയാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഫാമിനു ചുറ്റുമുള്ള ഒരു കിലോമീറ്റർ രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ പന്നിമാംസം വിതരണം ചെയ്യുന്നതും പന്നികളെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളിൽ നിന്ന് നിരീ ക്ഷണ മേഖലയിലേക്ക് കൊണ്ടുവരുന്നതും മൂന്നു മാസത്തേക്ക് നിരോധനിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും പന്നി മാംസവും പന്നികളേയും ജില്ലയിലേക്ക് കടത്തികൊണ്ടുവരാതിരിക്കാൻ പരിശോധന ശക്തമാക്കും. പരിശോധനയുടെ ഭാഗമായി പയ്യാവൂർ, കൂടാളി, ഉളിക്കൽ, ഇരിക്കൂർ, പായം, മലപ്പട്ടം, കൂടാളി, കീഴല്ലൂർ കുറ്റ്യാട്ടൂർ, മാലൂർ, ശിവപുരം, തില്ലങ്കേരി പഞ്ചായത്തുകളേയും മട്ടന്നൂർ, ശ്രീകണ്ഠപുരം, ഇരിട്ടി നഗരസഭകളെയും നിരീക്ഷണ വലയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.