റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം
1583644
Wednesday, August 13, 2025 10:18 PM IST
കൂത്തുപറമ്പ്: മൂന്നാംപീടികയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മൂന്നാംപീടിക റാസിലെ ആമിനയാണ് (58) മരിച്ചത്. ഇന്നലെ രാവിലെ അഞ്ചോടെയായിരുന്നു സംഭവം. ബംഗളൂരുവിലെ സഹോദരി റസിയയുടെ മകളുടെ വീട്ടിൽ പോയി മടങ്ങിവരവെയാണ് അപകടം.
ബംഗളൂരു ബസിൽ നിന്നും സഹോദരി റസിയയോടൊപ്പം മൂന്നാംപീടികയിൽ ഇറങ്ങി റോഡ് മുറിച്ചുകടക്കവെ മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകട ദൃശ്യം സമീപത്തെ സിസിടിവി യിൽ നിന്നും ലഭിച്ചിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ ആമിനയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്: പരേതനായ കാദർ. മകൻ: സമീർ (ബംഗളൂരു).