ആർഎസ്എസിന്റേത് ക്രിമിനലുകളെ എംപിമാരാക്കുന്ന മാതൃക: എം.വി. ജയരാജൻ
1583189
Tuesday, August 12, 2025 1:16 AM IST
മട്ടന്നൂർ: ക്രിമിനലുകളെ എംപിമാരും എംഎൽഎമാരുമാക്കി ആർഎസ്എസ് പുതിയ മാതൃക സൃഷ്ടിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ. സിപിഎം പഴശി സൗത്ത് ലോക്കൽ കമ്മിറ്റി ഉരുവച്ചാലിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ജനാർദ്ദനനെ ക്രൂരമായി ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് സി. സദാനന്ദൻ. കമ്യൂണിസ്റ്റുകാരെ ജയിലിലടച്ച് എംപിയായി വിലസാമെന്ന് ആരും കരുതേണ്ട. മലേഗാവ് സ്ഫോടനക്കേസിലെ പ്രതി പ്രഗ്യാ സിംഗ് താക്കൂറിന്റെ സ്ഥാനം ഇപ്പോൾ പാർലമെന്റിൽ ഒഴിവുണ്ട്. ഈ അഭാവം പരിഹരിക്കാനാണ് സദാനന്ദനെ എംപിയാക്കിയ തെന്ന് എം.വി.ജയരാജൻ പറഞ്ഞു.
30 വർഷത്തിന് ശേഷം കള്ളക്കേസിൽ ജയിലിലടച്ച സിപിഎം പ്രവർത്തകർ തെറ്റു ചെയ്തവരല്ലെന്ന് നാട്ടിൽ എല്ലാവർക്കുമറിയാം. നാടിന് കൊള്ളരുതാത്തവരാണ് ആർഎസ്എസ്. കോൺഗ്രസും ആർഎസ്എസിന്റെ പാതയിലാണെന്നും കോൺഗ്രസിലേക്ക് പോകുന്നത് പിന്നീട് ആർഎസ്എസി ലേക്ക് ചേക്കേറാനാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം ഏരിയാ സെക്രട്ടറി എം.രതീഷ് അധ്യക്ഷത വഹിച്ചു. പി.പുരുഷോത്തമൻ, എൻ.വി.ചന്ദ്ര ബാബു, സി.വി. ശശീന്ദ്രൻ, കെ.ഭാസ്കരൻ, എ.കെ. ബീന, പി.എം. ജനാർദനൻ, എ.കെ.സുരേഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു. കരേറ്റയിൽ നിന്ന് ഉരുവച്ചാലിലേക്ക് ബഹുജനപ്രകടനവും നടന്നു.